അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത

വാഷിങ്ടണ്‍ ഡിസി : അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
അലാസ്‌കയിലെ ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലര്‍ച്ചെ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായി അലാസ്‌കയിലെ പാമറിലെ ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌ക മേഖലയില്‍ കനത്ത നാശമാണ് വിതച്ചത്. വടക്കേ അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്. ഇതേത്തുടര്‍ന്ന് അലാസ്‌ക ഉള്‍ക്കടല്‍, യുഎസ് പടിഞ്ഞാറന്‍ തീരം, ഹവായ് എന്നിവിടങ്ങളില്‍ സുനാമിയുണ്ടായി. അന്ന് 250 ഓളം പേരാണ് ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചത്.