ദേശീയം

നിമിഷപ്രിയയുടെ വധശിക്ഷ; ആശാവഹമായ നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു : പ്രതിനിധി സംഘം

ന്യൂഡല്‍ഹി : യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെത്തുടര്‍ന്ന്, യെമനില്‍ ഇന്നലെ സുപ്രധാന യോഗം ചേര്‍ന്നു.

സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ എന്നിവര്‍ പങ്കെടുത്തു. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചര്‍ച്ചകള്‍ അതീവ നിര്‍ണായകമാണ്.

ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെങ്കിൽ സഹായം നൽകാൻ തയാറാണെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. ​ വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനായി ശ്രമം തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് സേവ് നിമിഷപ്രിയ കൗണ്‍സിൽ നിവേദനം നൽകിയിട്ടുണ്ട്. ക്രൂരപീഡനത്തെത്തുടർന്നാണ്, യെമനിൽ നഴ്സായി ജോലി ചെയ്യുന്ന നിമിഷപ്രിയ 2017 ജൂലൈ 25ന് യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെ കൊലപ്പെടുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button