18 വർഷത്തിനു ശേഷം ആദ്യമായി അമേരിക്കയിൽ പ്ലേഗ് മരണം

അരിസോണ : അമേരിക്കയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു. 18 വർഷത്തിനു ശേഷമാണ് രാജ്യത്ത് പ്ലേഗ്ബാധയിലൂടെ മരണം സംഭവിക്കുന്നത്. വടക്കൻ അരിസോണയിലെ കൊകോനിനോ കൗണ്ടിയിലാണ് സംഭവം. പ്ലേഗ് ബാധിച്ചു ചത്ത മൃഗവുമായി സമ്പർക്കം പുലർത്തിയ ആൾക്കാണ് രോഗംബാധിച്ച് മരണമുണ്ടായത്. എന്നാൽ രോഗിയുടെ വ്യക്തിപരമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
2007നു ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂമോണിക് പ്ലേഗ് ആണ് ഇത്. മനുഷ്യരുടെ ശ്വാസകോശങ്ങളെ ബാധിക്കുന്നതും അതിവേഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുമാണ് ന്യൂമോണിക് പ്ലേഗ്.
അമേരിക്കയിൽ പ്രതിവർഷം ഏഴ് പ്ലേഗ്ബാധയാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഇത് ചികിൽസിച്ച് ഭേദമാക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം ഇത് കുടുതലും വടക്കൻ സംസ്ഥാനങ്ങളിലാണ്.
‘ ഞങ്ങളുടെ ഹൃദയം രോഗം ബാധിച്ച് മരിച്ചയാളുകെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്. ഈ ദുരന്ത സമയത്ത് അവരെ ഞങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു’-കൊകോനിനോ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്സ് ചെയർ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
പ്ലേഗ് ഒരു ബാക്ടീരിയൽ രോഗമാണ്. ‘ബ്ലാക് ഡെത്ത്’ എന്നറിയപ്പെടുന്ന, നൂറ്റാണ്ടുകൾ മുമ്പ് യൂറോപ്പിൽ പടർന്നുപിടിച്ച പ്ലേഗ് എന്ന മഹാമാരിയിൽ കൊല്ലപ്പെട്ടത് കോടിക്കണക്കിന് മനുഷ്യരാണ്. 1346 മുതൽ 1353 വരെയുള്ള ആറു വർഷക്കാലം കൊണ്ടായിരുന്നു ഇത്രയും മരണം. അന്ന് യൂറോപ്യൻ ജനസംഖ്യയുടെ 60 ശതമാനത്തെയും പ്ലേഗ് കൊന്നൊടുക്കി. എന്നാൽ ഇന്ന് ആന്റിബയോട്ടിക്കുകൾ കൊണ്ട് ചികിൽസിച്ച് ഭേദമാക്കാവുന്ന രോഗമാണ് പ്ലേഗ്.
അമേരിക്കയിൽ പ്ലഗബാധ കുടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് വടക്കൻ ന്യൂ മെക്സിക്കോ, വടക്കൻ അരിസോണ, തെക്കൻ കൊളറാഡോ, കാലിഫോർണിയ തുടങ്ങിയ ഇടങ്ങളിലാണ്. 1970 മുതൽ 2020 വരെ 496 കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.