ഇസ്രായേൽ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം

തെൽ അവീവ് : ഇസ്രായേൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണവുമായി ഹൂതികൾ. ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം. ചെങ്കടലിൽ രണ്ട് കപ്പലുകൾ മുക്കിയതിന് ശേഷമാണ് വീണ്ടും ഇസ്രായേലിന് മേൽ ആക്രമണം നടത്താൻ ഹൂതികൾ നടത്തിയത് . ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹൂതികൾ കൂടുതൽ ആക്രമണം നടത്തുന്നത്.
ഇസ്രായേലിന് നേരെ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാറി പറഞ്ഞു. അതേസമയം, മിസൈൽ ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചുവെന്നാണ് ഇസ്രായേൽ പ്രതിരോധസേനയുടെ അവകാശവാദം. തിങ്കളാഴ്ച ലൈബീരിയൻ പതാകയുള്ള എറ്റേണിറ്റി കപ്പൽ ഹൂതികൾ മുക്കുകയും നാല് പേർ അപകടത്തിൽ മരിക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 25 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. യെമനിലെ യു.എസ് എബസിയും കപ്പൽ മുക്കിയ വിവരം സ്ഥിരീകരിച്ചു.
വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഗസ്സ വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്.
24 മണിക്കൂറിനിടെ ഭക്ഷണ കേന്ദ്രത്തിലെത്തിയ എട്ടു പേരടക്കം 106 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. റഫയിലെ സഹായകേന്ദ്രത്തിലെത്തിയ ഫലസ്തീനികൾക്കു നേരെയാണ് ഇസ്രായേൽ സൈന്യം ക്രൂരമായി വെടിവെപ്പ് നടത്തിയത്.
ഗതാഗത മാർഗങ്ങൾ പൂർണമായി തകർക്കപ്പെട്ടതിനാൽ ഏറെദൂരം നടന്നെത്തുന്നവർക്കുനേരെയാണ് ഇസ്രായേൽ സൈന്യം വെടിവെപ്പ് പതിവാക്കിയത്. ആഴ്ചകൾക്കിടെ ഭക്ഷ്യകേന്ദ്രങ്ങളിലെത്തിയ 770ലേറെ പേരാണ് നിർദയം കൊലചെയ്യപ്പെട്ടത്. അതിനിടെ, ഗസ്സ സിറ്റിയിലുണ്ടായിരുന്ന ഏക ഭക്ഷ്യകേന്ദ്രവും ഇസ്രായേൽ അടച്ചുപൂട്ടി.
മറ്റു മാർഗങ്ങൾ നേരത്തേ അവസാനിപ്പിച്ചതിനാൽ ഗസ്സയിലെ ലക്ഷങ്ങൾക്ക് ഭക്ഷണം ലഭിക്കാൻ തെക്കൻ ഗസ്സയിലെ മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് ഏക ആശ്രയം. മധ്യ, വടക്കൻ ഗസ്സകൾ പൂർണമായി ജനവാസമുക്തമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
ആറുലക്ഷം ഫലസ്തീനികൾക്കായി റഫയിൽ ‘ഹ്യുമാനിറ്റേറിയൻ സിറ്റി’ സ്ഥാപിക്കുമെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞിരുന്നു.
അതേസമയം, അമേരിക്കയിലെത്തിയ നെതന്യാഹു രണ്ടുവട്ടം ട്രംപുമായി ചർച്ച നടത്തിയതിനിടെ ഗസ്സ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി സൂചന. ഖത്തറിൽ ഇസ്രായേൽ- ഹമാസ് പ്രതിനിധികളും മധ്യസ്ഥരും തമ്മിലെ ചർച്ചകളിലാണ് ധാരണയാകാത്തത്.