അന്തർദേശീയം

യെമനിൽ മൂന്ന് തുറമുഖങ്ങളിൽ ബോംബിട്ട് ഇസ്രായേൽ

തെല്‍ അവിവ് : യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ മൂന്ന് തുറമുഖങ്ങളിലും ഒരു വൈദ്യുത നിലയത്തിലും ഇസ്രായേൽ സേന ബോംബിട്ടു. ഇതിന് തിരിച്ചടിയായി ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈലുകളയച്ചു. എല്ലാം ഫലപ്രദമായി തടഞ്ഞെന്ന് ഇസ്രായേല്‍ സേന അവകാശപ്പെട്ടു.

ചെങ്കടൽ തീരത്തുള്ള ഹുദൈദ, റാസ്-ഇസ, അസ്-സാലിഫ് തുറമുഖങ്ങളും റാസ് കാതിബ് പവർ പ്ലാന്റും ആക്രമിച്ചതായാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്. ഹൂത്തികൾ പിടിച്ചെടുത്തതും ഹുദൈദ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതുമായ ഗാലക്സി ലീഡർ കപ്പലിലെ റഡാർ സംവിധാനത്തെയും ആക്രമിച്ചായും ഇസ്രായേല്‍ വ്യക്തമാക്കുന്നു.

അതേസമയം നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല. ഇസ്രായേല്‍ ആക്രമണത്തിന് ഇന്ന് രാവിലെയായിരുന്നു ഹൂത്തികളുടെ പ്രത്യാക്രമണം. യമനിൽ നിന്ന് രണ്ട് മിസൈലുകൾ വന്നതായി ഇസ്രായേൽ സൈന്യം തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ഇവ രണ്ടും ഫലപ്രദമായി തടഞ്ഞെന്നും പരിക്കോ മറ്റു നാശനഷ്ടങ്ങളോ സംഭവിച്ചില്ലെന്നുമാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. ആക്രമണത്തെത്തുടർന്ന് ജറുസലേം, ഹെബ്രോൺ, ചാവുകടലിനടുത്തുള്ള നഗരങ്ങൾ എന്നിവിടങ്ങളിൽ സൈറണുകൾ മുഴങ്ങിയിരുന്നു.

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് തങ്ങളുടെ മിസൈല്‍ പ്രയോഗങ്ങളെന്നാണ് ഹൂത്തികള്‍ വ്യക്തമാക്കുന്നത്. 2023ൽ ഗസ്സയില്‍, ഇസ്രായേല്‍ നരനായാട്ട് ആരംഭിച്ചതിന് ശേഷം, ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകളാണ് ഹൂത്തികള്‍ പ്രയോഗിച്ചത്. സുപ്രധാനമായ ചെങ്കടൽ ഇടനാഴിയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജനുവരിയിൽ ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹൂത്തികൾ ആക്രമണം നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.

അതേസമയം ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ സജീവമായി പുരോഗമിക്കുന്നുണ്ട്. ഈ ആഴ്ച തന്നെ വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വാഷിങ്ടണിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button