കേരളംചരമം

കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു

തൃശൂര്‍ : പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും.

നര്‍മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എഴുപതിലേറേ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് സിത്താറിലും പ്രാവീണ്യമുണ്ടായിരുന്നു. സഭകള്‍ തമ്മിലുള്ള തര്‍ക്കം സമവായത്തിലെത്തിച്ചതാണ് മാര്‍ അപ്രേമിന്റെ വലിയ സംഭാവന. ശത്രുതാഭാവത്തിലായിരുന്ന കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭയെ അടുപ്പിച്ചതും അപ്രേമിന്റെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു. പരസ്പരം സ്നേഹിക്കുക സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

തൃശ്ശൂരിലെ മൂക്കന്‍ തറവാട്ടില്‍ ദേവസ്സിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂണ്‍ 13-ന് ജനനം. ജോര്‍ജ്ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യനാമം. തൃശ്ശൂര്‍ സി എം എസ് എല്‍ പി സ്‌കൂളിലും കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം. ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ പരീക്ഷ പാസായി സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.

ഇന്റര്‍മീഡിയറ്റിന് ശേഷം ജബല്‍പൂരിലെ ലീയൊണാര്‍ഡ് തിയോളോജിക്കല്‍ സെമിനാരിയില്‍ നിന്ന് 1961-ല്‍ ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. ദൈവം കൈപിടിച്ചു നടത്തിയതുപോലെയായിരുന്നു ജോര്‍ജ് ഡേവിസ് മൂക്കന്‍ സഭാനാഥനാകുന്നത്. വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും അച്ചനാവാന്‍ അദ്ദേഹം എടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button