പകരച്ചുങ്കം : ഇന്ത്യ – യുഎസ് ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണ്‍ ഡിസി : ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ മിനി ട്രേഡ് ഡീല്‍ ഒപ്പുവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മിനി ട്രേഡ് ഡീലില്‍ ഉണ്ടാക്കുന്ന ധാരണ വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ ധാരണ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ യുഎസ് വ്യാപാരങ്ങളില്‍ ശരാശരി താരിഫ് പത്ത് ശതമാനം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തിലെ സമഗ്രമായ ഉഭയകക്ഷി വ്യാപാരകരാറുകള്‍ സംബന്ധിച്ച ചര്‍ച്ച ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്കുകളുടെ താത്കാലിക മരവിപ്പിക്കല്‍ കാലാവധി പൂര്‍ത്തിയാകുന്ന ജൂലൈ 9ന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉയര്‍ന്ന താരിഫ് താരിഫ് നിരക്കുകള്‍ നിലവില്‍ വരുന്ന ജൂലൈ 9 ന് മുന്‍പ് തന്നെ യുഎസ് വിവിധ രാജ്യങ്ങളുമായി നിരവധി കരാറുകള്‍ ഒപ്പവയ്ക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ വലിയ കരാറുകള്‍ ഉണ്ടാകുമെന്ന സൂചനയും ട്രഷറി സെക്രട്ടറി നല്‍കുന്നു. താരിഫ് നിരക്കുകള്‍ സംബന്ധിച്ച നടപടികള്‍ യുഎസ്എയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകുന്നില്ലെങ്കില്‍ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച നിരക്കുകളിലേക്ക് മടങ്ങേണ്ടിവരുമെന്ന സൂചനയും ട്രഷറി സെക്രട്ടറി നല്‍കുന്നു. ഓഗസ്റ്റ് ഒന്നാണ് ഇതിനുള്ള സമയ പരിധിയായി സ്‌കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പകരച്ചുങ്കത്തില്‍ യുഎസ് നിലപാട് വ്യക്തമാക്കിക്കൊണ്ട് 12 രാജ്യങ്ങള്‍ക്കുള്ള കത്തുകള്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ നേരിടേണ്ടിവരുന്ന താരിഫ് നിരക്കുകള്‍ വിശദീകരിക്കുന്ന കത്തുകള്‍ക്കാണ് അന്തിമ രൂപം ആയതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ഈ കത്തുകള്‍ എന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.