കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി സിയാൽ

കൊച്ചി : കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ്. വിമാന അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ കൂറ്റന്‍ ഹാങ്ങറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുമ്പാശേരിയില്‍ തുടക്കമായി.
53,800 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഹാങ്ങറിനോട് ചേര്‍ന്ന് 7000 ചതുരശ്ര അടിയില്‍ പ്രത്യേക ഓഫിസ്, വര്‍ക് ഷോപ്പ്, കംപോണന്റ് റിപെയറിനും നോണ്‍-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിനു പുറമെ നാഗ്പുര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കേന്ദ്രങ്ങള്‍.
കേരളത്തില്‍ കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും സംവിധാനമുണ്ട്. എന്നാല്‍, റണ്‍വേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പശ്ചാത്തല സൗകര്യം കൊച്ചിയില്‍ മാത്രമാണ്.പുതിയ ഹാങ്ങറില്‍ രണ്ട് വിമാനങ്ങളെ ഉള്‍ക്കൊള്ളാനാകും. കവേര്‍ഡ് പാര്‍ക്കിങ് സൗകര്യമുള്ള സംസ്ഥാനത്തെ ആദ്യ ഹാങ്ങറുമായിരിക്കും. മൂന്നരലക്ഷം ചതുരശ്രയടിയുള്ള പാര്‍ക്കിങ് ഏരിയയില്‍ ഒരേസമയം 13 നാരോ ബോഡി വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പുതിയ പദ്ധതിയിലൂടെ നാനൂറിലധികം പേര്‍ക്ക് നേരിട്ടും ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് എസ്. സുഹാസ് പറഞ്ഞു.