ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായിട്ടാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചത്. തന്റെ പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് പ്രവര്‍ത്തകര്‍ കൂടി അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ഹമാസ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ അന്തിമ നിര്‍ദേശം ഹമാസിന് കൈമാറും. മധ്യപൂര്‍വ ഏഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ. ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യം. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായതെന്നാണ് സൂചന.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയാൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.