സബ്സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ടെസ്ല സിഇഒ ഇലോണ്‍ മസ്കിനെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’നെച്ചൊല്ലി ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടെയാണ് തന്റെ മുന്‍ ഉപദേഷ്ടാവ് കൂടിയായിരുന്ന മസ്കിനെതിരെ ട്രംപ് രംഗത്തെുവന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) സബ്സിഡികള്‍ ഇല്ലെങ്കില്‍ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നല്‍കിയത്. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പിന്തുണയ്ക്കുന്നതിന് മുമ്പുതന്നെ, ഇവി വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതില്‍ തനിക്ക് എതിര്‍പ്പാണെന്ന് മസ്കിന് അറിയാമായിരുന്നു. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്, പക്ഷേ എല്ലാവരെയും അത് സ്വന്തമാക്കാന്‍ നിര്‍ബന്ധിക്കരുത്. മറ്റാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സബ്സിസികള്‍ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ സബ്സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
ചെലവ് കുറയ്ക്കല്‍ എന്ന പ്രഖ്യാപനത്തോടെ ബില്‍ സെനറ്റില്‍ വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ ബില്ലിനെ ‘കടം അടിമത്ത ബില്‍ എന്ന് വിശേഷിപ്പിച്ച ഇലോണ്‍ മസ്ക്, ബില്‍ പാസാക്കിയാല്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.
‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമം’ ശനിയാഴ്ച രാത്രി വൈകി 51 മുതല്‍ 49 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. 2017 ലെ നികുതി ഇളവുകള്‍ നീട്ടുക, മറ്റ് നികുതികള്‍ കുറയ്ക്കുക, സൈനിക, അതിര്‍ത്തി സുരക്ഷാ ചെലവുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കെയ്ഡ്, ഭക്ഷ്യ സ്റ്റാമ്പുകള്‍, പുനരുപയോഗ ഊര്‍ജ്ജം, മറ്റ് സാമൂഹിക ക്ഷേമ പരിപാടികള്‍ എന്നിവയിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിന്റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍.