ലക്ഷ്യം യുക്രെയ്നിനുള്ളിൽ ബഫര്‍സോണ്‍ സൃഷ്ടിക്കുക; നാല് അതിർത്തി ഗ്രാമങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സേന

കീവ് : യുക്രെയ്നിലെ നാല് അതിർത്തി ഗ്രാമങ്ങള്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായി യുദ്ധം നടക്കുന്ന സുമി മേഖലയിലെ ഗവർണർ ഒലെ റിഹൊറോവ്. നൊവെങ്കെ, ബാസിവ്ക, വസെലിവ്ക, സുരോവ്ക തുടങ്ങിയ ഗ്രാമങ്ങളാണ് റഷ്യ പിടിച്ചെടുത്തത്. യുക്രെയ്നിനുള്ളിൽ ബഫര്‍സോണ്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ നീക്കം. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായി റഷ്യന്‍ ആക്രമണം നേരിടുന്ന ഗ്രാമങ്ങളായിരുന്നു ഇത്.
റഷ്യയിലെ കുര്‍സ്‌കിനോട് ചേര്‍ന്ന യുക്രെയ്നിലെ അതിര്‍ത്തി പ്രദേശമാണ് സുമി. നേരത്തെ കുര്‍സ്‌കില്‍ യുക്രെയ്ന്‍ സൈനികര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് സുമിയില്‍ റഷ്യ ആക്രമണം കടുപ്പിച്ചതും പ്രതിരോധത്തിന്റെ ഭാഗമായി ബഫര്‍സോണ്‍ ഉണ്ടാക്കിയതും. ഈ മേഖലയില്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തുവെന്ന് ദിവസങ്ങള്‍ക്ക് മുൻപ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നൊവെങ്കെ, ബാസിവ്ക, വസെലിവ്ക, സുരോവ്ക എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. വൊളോദിമിരിവ്‌കോവ്, ബിലൊവൊദിവ് തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യ നേരത്തെ പിടിച്ചെടുത്തിരുന്നു. അതേസമയം, റഷ്യന്‍ സൈന്യത്തിനു നേരെ ശക്തമായ ആക്രമണം നടത്തിയതായാണ് യുക്രെയ്ന്‍ സേന അവകാശപ്പെടുന്നത്.