യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം; ട്രംപ് 50 ശതമാനം തീരുവയില്‍ സമയം നീട്ടി

വാഷിങ്ടണ്‍ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീട്ടിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂലൈ 9 വരെയാണ് സമയം ദീര്‍ഘിപ്പിച്ചത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യാപാര കരാര്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ധാരണയായി. ട്രംപുമായി ‘മികച്ച ചര്‍ച്ച സാധ്യമായി’ എന്ന യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുവ സംബന്ധിച്ച തീരുമാനത്തിന് കൂടുതല്‍ സമയം അനുവദിച്ചത്.
ജൂണ്‍ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ തീരുമാനം നടപ്പാക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായുള്ള ചര്‍ച്ച നടന്നത്.
പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സമയ പരിധി ദീര്‍ഘിപ്പിച്ചതെന്നാണ് ഇക്കാര്യത്തില്‍ ട്രംപ് നല്‍കുന്ന വിശദീകരണം. ട്രൂത്ത് സോഷ്യലില്‍ ആണ് ട്രംപിന്റെ പ്രതികരണം. ‘താരിഫ് വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന്’ എന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ തന്നോട് പറഞ്ഞതായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
അതിനിടെ, ജൂണ്‍ 1 മുതല്‍ തീരുവ ചുമത്തിത്തുടങ്ങുമെന്ന ട്രംപിന്റെ ആദ്യ ഭീഷണിക്ക് പിന്നാലെ ഓഹരി വിപണികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യു എസ് , യൂറോപ്യന്‍ ഓഹരി വിപണികളില്‍ വലിയ നഷ്ടമാണ് പ്രഖ്യാപനം ഉണ്ടാക്കിയത്. യൂറോപ്യന്‍ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെ ഒറ്റയടിക്ക് ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാസം, മിക്ക യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങളിലും ട്രംപ് 20 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ പിന്നീട് ജൂലൈ 8 വരെ തീരുവ 10 ശതമാനമായി കുറച്ചു. ചര്‍ച്ചകള്‍ക്ക് സമയം അനുവദിച്ചു കൊണ്ടായിരുന്നു നടപടി. ഇതിന് ശേഷമാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ പുരോഗതിയില്ലെന്ന പ്രതികരണത്തിന് പിന്നാലെയായിരുന്നു താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന് വെള്ളിയാഴ്ച ട്രംപ് ഭീഷണി ഉയര്‍ത്തിയത്.