കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ എണ്‍പതിന്റെ നിറവില്‍

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്.

ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസം പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്. പിന്നീട് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പിറന്നാള്‍ ദിനം ചര്‍ച്ചയാക്കുമ്പോഴും ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം കടന്നുപോകാറുള്ളത്.

കണ്ണൂര്‍ പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്‍ ജനിച്ചത്. ശാരദാ വിലാസം എല്‍പി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണന്‍ കോളജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്‍സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 ല്‍ കെഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസൈ്വഎഫ് സംസ്ഥാന പ്രസിഡന്റായി. 1967 ല്‍ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ല്‍ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബര്‍ 25ന് പാര്‍ട്ടി സെക്രട്ടറിയായി. പിന്നീടുള്ള കാല്‍നൂറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ എന്ന പേര് മാറ്റിവയക്കാന്‍ കഴിയാത്ത ഒന്നായി മാറി. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും ജനകീയനായ മുഖ്യമന്ത്രിയിലേക്ക് പിണറായി സഞ്ചരിച്ച 9 വര്‍ഷങ്ങള്‍ കൂടിയാണ് ജന്മദിനത്തില്‍ പൂര്‍ത്തിയാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button