മലേഷ്യൻ എയർലൈൻസ് എംഎച്ച് 17 വിമാനദുരന്തം : റഷ്യ ഉത്തരവാദികളെന്ന് ഐസിഎഒ കൗൺസിൽ

മെൽബൺ : മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 17 യാത്രാവിമാനം 2014 ജൂലൈ 17ന് മിസൈലേറ്റ് യുക്രെയ്നിൽ തകർന്നുവീണ് 298 പേർ മരിച്ചതിൽ റഷ്യ ഉത്തരവാദികളാണെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ സമിതി (ഐസിഎഒ കൗൺസിൽ) കണ്ടെത്തി. ആംസ്റ്റർഡാമിൽ നിന്ന് ക്വാലലംപുരിലേക്കു പോയ വിമാനം റഷ്യ വിമതർക്കു നൽകിയ ബക് മിസൈലേറ്റാണ് തകർന്നതെന്ന് ഡച്ച്–ഓസ്ട്രേലിയൻ അന്വേഷണസമിതി 2016 ൽ കണ്ടെത്തിയിരുന്നു. എന്നാൽ, റഷ്യ ഇതു നിഷേധിച്ചിരുന്നു.
യാത്രാവിമാനങ്ങൾക്കു നേരെ ആയുധങ്ങൾ പ്രയോഗിക്കരുതെന്ന രാജ്യാന്തര വ്യോമഗതാഗത ധാരണ (ഷിക്കാഗോ കൺവൻഷൻ) റഷ്യ ലംഘിച്ചതായി അന്വേഷണസമിതി കണ്ടെത്തി. 193 അംഗരാജ്യങ്ങളുള്ള ഐസിഎഒ കൗൺസിൽ ഇതാദ്യമാണ് സർക്കാരുകൾ തമ്മിലുള്ള തർക്കത്തിൽ തീർപ്പുകൽപിക്കുന്നത്. നഷ്ടപരിഹാരവും മറ്റും സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. നെതർലൻഡ്സും ഓസ്ട്രേലിയയും റഷ്യയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കണ്ടെത്തലിനെക്കുറിച്ചു റഷ്യ പ്രതികരിച്ചിട്ടില്ല.