അന്തർദേശീയം

പേപ്പൽ കോൺക്ലേവ് നാളെ മുതൽ; വോട്ടവകാശം 133 കർദിനാൾമാർക്ക്

വത്തിക്കാൻ സിറ്റി : പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് നാളെ മുതൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പൽ തുടക്കമാകും. 133 കർദിനാൾമാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ‍.

കത്തോലിക്കാ സഭയുടെ 277മാത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍മാരെ മാർപ്പാപ്പമാർ താമസിക്കാറുള്ള കാസ സാന്താ മാർത്തയിലേക്ക് മാറ്റി. യുറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യൻ കര്‍ദിനാളുമാര്‍.

നാളെ ഇന്ത്യൻ സമയം 1.30 യോടെ കോൺക്ലേവ് ആരംഭിക്കും. നാളെ ഒരു തവണ മാത്രമാണ് വോട്ടെടുപ്പുള്ളത്. രണ്ടാം ദിനം രാവിലെയും ഉച്ചയ്ക്കും രണ്ട് തവണ വീതം വോട്ടെടുപ്പ് നടക്കും. മൂന്നാം ദിവസം മാർപ്പാപ്പയെ തെരഞ്ഞടുത്തില്ലെങ്കില്‍ കോൺക്ലേവിന് ഒരു ദിവസത്തെ ഇടവേള നൽകും.

പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് സഭയുടെ പരമാധ്യക്ഷനെ തീരുമാനിക്കുന്ന ചടങ്ങ് മാത്രമല്ല. 137 കോടി അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സഭ യഥാസ്ഥിതിക മാർഗത്തിലാണോ പരിവർത്തനത്തിന്റെ വഴിയിലാണോ മുന്നോട്ടു നയിക്കപ്പെടുക എന്ന നിലപാട് പ്രഖ്യാപനം കൂടിയാണ്. സഭയുടെ സുതാര്യതയെയും വിശ്വാസികളുമായുള്ള ബന്ധത്തിന്റെ രീതിയെയുമെല്ലാം ഈ നിർണയം സ്വാധീനിക്കും. അധികാരവികേന്ദ്രീകരണം ഉൾപ്പെടെ ഫ്രാൻസിസ് മാർപ്പാപ്പ നടപ്പാക്കിയ പരിഷ്കാരങ്ങളുടെയും സമീപനങ്ങളുടെയും നിലനിൽപ്പും പുതിയ മാർപ്പാപ്പയുടെ നിലപാടുകളെ ആശ്രയിച്ചാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button