അന്തർദേശീയം

ഇന്ന് ആഗോള മാധ്യമ സ്വാതന്ത്ര്യ ദിനം; 2024 ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വർഷം

ലണ്ടൻ : മാധ്യമ സ്വാത​ന്ത്ര്യത്തെ ഞെരുക്കിക്കൊണ്ട് ലോകമെമ്പാടും മാധ്യമപ്രവർത്തകർക്കെതിരായ യുദ്ധം കൊടുമ്പരി കൊള്ളുന്നു. ഇന്ന് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ലോക പത്ര സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിർഭയവും സ്വതന്ത്രവുമായ ആഗോള മാധ്യമ സംസ്കാരത്തിനുവേണ്ടിയുള്ള സുപ്രധാന പോരാട്ടത്തിനായി നിലകൊള്ളാൻ മാധ്യമ സ്വാതന്ത്ര്യത്തിനായി ശബദിക്കുന്നവർ ഓർമപ്പെടുത്തുന്നു.

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിനുശേഷം കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സി.പി.ജെ) ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട വർഷമായി 2024നെ രേഖപ്പെടുത്തി. പ്രസ്തുത ഡാറ്റ അനുസരിച്ച് 2024ൽ കുറഞ്ഞത് 124 മാധ്യമ പ്രവർത്തകരുടെ ജീവനെടുക്കപ്പെട്ടു. ഇസ്രായേൽ സൈന്യം ഗസ്സയിലും വെസ്റ്റ് ബാങ്കിലും കൊലപ്പെടുത്തിയ ഫലസ്തീനികളാണ് അവരിൽ മൂന്നിൽ രണ്ടും.

സുഡാൻ, പാകിസ്താൻ, മെക്സിക്കോ, സിറിയ, മ്യാൻമർ, ഇറാഖ്, ഹെയ്തി എന്നിവിടങ്ങളിലും ജോലി നിർവഹിക്കുന്നതിനിടയിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. പലയിടങ്ങളിലായി നൂറുകണക്കിനു പേർ കസ്റ്റഡിയിലെടുക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. പുറമെ, ഓൺലൈനിലും സമൂഹങ്ങളിലും ജോലിസ്ഥലങ്ങളിലും ഉപദ്രവിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും നിരന്തരമായ ഭീഷണികളും ദുരുപയോഗങ്ങളും നേരിടുകയും ചെയ്തു.

റഷ്യ മുതൽ തുർക്കി, ബെലാറസ് വരെയുള്ള സർക്കാറുകളുടെയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും പത്രസ്വാതന്ത്ര്യത്തിനും സ്വതന്ത്ര വാർത്താ ഏജൻസികൾക്കും നേരെയുള്ള ആക്രമണങ്ങളും വർധിച്ചുവരികയാണെന്ന് ‘ഗാർഡിയൻസ് റൈറ്റ്സ് ആൻഡ് ഫ്രീഡം പരമ്പര’യുടെ എഡിറ്റർ ആനി കെല്ലി ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സമൂഹ മാധ്യമങ്ങളിലും ഇന്റർനെറ്റിലും പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളുടെ സുനാമിയും.

യു.എസിൽ ഡോണൾഡ് ട്രംപ് തന്റെ ആദ്യ ടേമിൽ മാധ്യമപ്രവർത്തകരെ ‘ജനങ്ങളുടെ ശത്രുക്കൾ’ എന്ന് മുദ്രകുത്തി. ഇപ്പോൾ പ്രമുഖ വാർത്താ സ്ഥാപനങ്ങൾക്കെതിരെ കേസുകൾ ഫയൽ ചെയ്യുകയും മറ്റുള്ളവർക്കെതിരെ ഫെഡറൽ അന്വേഷണങ്ങൾക്ക് ഉത്തരവിടുകയും ചെയ്യുന്നു.

ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ കൂടുതൽ ഭയാനകമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നുവെന്നും തങ്ങളെ ലക്ഷ്യം വെക്കുന്നതായി തോന്നുന്നുവെന്നും ഇപ്പോൾ യുദ്ധമേഖലകളിലെ പല മാധ്യമപ്രവർത്തകരും പറയുന്നു. സ്വതന്ത്ര മാധ്യമങ്ങൾ പൂർണമായും തുടച്ചുമാറ്റപ്പെട്ട അഫ്ഗാനിസ്ഥാനിൽ ഒളിവിൽ കഴിയുന്ന, രഹസ്യമായി അഭിമുഖങ്ങൾ നടത്തുന്ന താലിബാൻ കണ്ടെത്തുമെന്ന ഭയത്തിൽ ജീവിക്കുന്ന വനിതാ റിപ്പോർട്ടർമാരുമായാണ് ഗാർഡിയൻ പ്രവർത്തിക്കുന്നതെന്ന് ആനി കെല്ലി പറഞ്ഞു.

കഴിഞ്ഞ വർഷം പത്രസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഇവർ കവർ ചെയ്ത വാർത്തകളിൽ ലണ്ടനിലെ ഇറാനിയൻ പത്രപ്രവർത്തകയുടെ കൊലപാതകശ്രമം, മഹ്‌സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത ഇറാനിലെ വനിതാ മാധ്യമപ്രവർത്തകരുടെ തടവ്, റഷ്യൻ തടങ്കലിൽ ഒരു യുക്രേനിയൻ റിപ്പോർട്ടറുടെ മരണം എന്നിവ ഉൾപ്പെടുന്നു.

അസാധാരണമായ ധൈര്യം പ്രകടിപ്പിക്കുന്ന, എന്നാൽ അവരുടെ ജോലി, സ്വാതന്ത്ര്യം, ചിലപ്പോൾ അവരുടെ ജീവൻ പോലും ത്യജിച്ചും റിപ്പോർട്ടിങ്ങിനായി നിരത്തിലിറങ്ങുന്ന ചില മാധ്യമപ്രവർത്തകർക്ക് ഈ ജോലി എത്രത്തോളം അപകടകരമാണെന്ന് കാണുമ്പോൾ തനിക്ക് പലപ്പോഴും നിസ്സഹായത തോന്നാറുണ്ടെന്നും ആനി പറഞ്ഞു.

ഭരണകൂട അടിച്ചമർത്തലിൽ പൊരുതുന്ന റിപ്പോർട്ടർമാരോട് ചോദിക്കുമ്പോൾ, അവർ പറയുന്നത് ‘ഞങ്ങളെ കേൾക്കുക’ എന്നതാണ്. ഗാർഡിയൻ പോലുള്ള മാധ്യമ സ്ഥാപനങ്ങൾ അവരുടെ കൃതികൾ പ്രസിദ്ധീകരിച്ചുകൊണ്ട് പത്രസ്വാതന്ത്ര്യത്തിനായി പോരാടാൻ സഹായിക്കുകയും സ്വതന്ത്ര പത്രത്തിനായുള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും ആനി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button