കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്

ഒട്ടാവ : കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും ഏറ്റുമുട്ടും. പ്രധാനമന്ത്രി മാർക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പോളിവെറുമാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്നവരിൽ പ്രധാനികൾ. അഭിപ്രായസർവേകളിൽ മുന്നിൽ കാർണിയാണ്. പരാജയപ്പെട്ടാൽ കാനഡയിലെ ഏറ്റവും കാലാവധി കുറഞ്ഞ പ്രധാനമന്ത്രിയായി അദ്ദേഹം മാറും.
നാല് അറ്റ്ലാന്റിക് പ്രവിശ്യകളിലെയും വോട്ടെടുപ്പ് അവസാനിച്ച ശേഷം കനേഡിയൻ സമയം രാത്രി 7 നും 7:30 നും ഇടയിൽ ആദ്യ ഫലങ്ങൾ പുറത്തുവരും. അവസാന ഫലങ്ങള് രാത്രി 9:30 ന് പുറത്തുവിടും. 2.82 ലക്ഷം രജിസ്ട്രേഡ് വോട്ടർമാരാണ് കാനഡയിലുള്ളത്. ഇതിൽ 73 ലക്ഷം പേർ മുൻകൂറായി വോട്ടു ചെയ്തിട്ടുണ്ട്. ഏപ്രിൽ 18 മുതൽ 21 വരെയായിരുന്നു മുൻകൂർ വോട്ടു ചെയ്യാനുള്ള കാലാവധി. ജനസംഖ്യാ വർധനവിനു ആനുപാതികമായി 2021–ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാൾ അഞ്ച് സീറ്റ് ഇക്കുറി കൂട്ടിയിട്ടുണ്ട്. 172 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഒക്ടോബർ വരെ സമയമുണ്ടായിരുന്നെങ്കിലും കാർണി നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയാൽ ലിബറൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നടപടി. കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വർധനകളും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ശ്രമം.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറൽ പാർട്ടി പരാജയപ്പെടുമെന്നായിരുന്നു സർവേഫലങ്ങൾ. മാർച്ചിൽ പിരിച്ചുവിട്ട പാർലമെന്റിൽ ലിബറുകൾക്ക് 152 സീറ്റും കൺസർവേറ്റീവുകൾക്ക് 120 സീറ്റുമാണ് ഉണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിന്റെ ന്യൂഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് ലിബറൽ സർക്കാർ അധികാരത്തിലെത്തിയത്. ട്രൂഡോ രാജിവച്ചതോടെ ആ സ്ഥാനത്തേക്ക് മുൻ കേന്ദ്രബാങ്ക് ഗവർണറായ കാർണി എത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.