‘ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ യേശുവിനെയും പിടികൂടി നാടുകടത്തുമായിരുന്നു’; ട്രംപിനെതിരെ ടിം വാൾസിന്‍റെ മകൾ

വാഷിംഗ്ടൺ ഡിസി : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മിനസോട്ട ഗവർണറും മുൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ (ഡെമോക്രാറ്റ്) ടിം വാൾസിന്‍റെ മകൾ ഹോപ്പ് വാൾസ്. മേരിലാൻഡിലെ കിൽമാർ അബ്രേഗോ ഗാർസിയയെ നാടുകടത്തിയതിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹോപ്പിന്‍റെ പ്രതികരണം.
ഡോണൾഡ് ട്രംപ് ഭരണകൂടം ‘തെറ്റായി നാടുകടത്തിയ’ ഗാർസിയയെ തിരികെ കൊണ്ടുവരില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഗാർസിയ എംഎസ്-13 ഗുണ്ടാസംഘത്തിലെ അംഗമാണെന്നാണ് വൈറ്റ് ഹൗസിന്‍റെ വാദം. യേശു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ഈ ഭരണകൂടം അദ്ദേഹത്തെ പിടികൂടി മതിയായ നടപടിക്രമങ്ങൾ കൂടാതെ ഈ രാജ്യത്ത് നിന്ന് പുറത്താക്കിയേനെ എന്ന് ഹോപ്പ് പറഞ്ഞു.
യേശു എംഎസ്-13 ഗുണ്ടാസംഘത്തിലെ അംഗമാണെന്ന് ഭരണകൂടം അവകാശപ്പെടുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. “ചില ആളുകൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം എത്ര വ്യക്തമായി വിവരിച്ചിട്ടും ആളുകൾ അതിനെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ആളുകളിലെ നന്മയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു… നമ്മുടെ ഉള്ളിന്‍റെ ഉള്ളിൽ നമ്മൾ പരസ്പരം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അത് ശരിക്കും പരീക്ഷിക്കപ്പെടുകയാണ്. കാരണം ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുന്നു എന്നത് ഭയപ്പെടുത്തുന്നു” – ഹോപ്പ് ഒരു വീഡിയോയിൽ പറഞ്ഞു. ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും ഹോപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു.