19 കോടിയുടെ കറൻസിയും 4 കോടിയുടെ സ്വർണവും കടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ സാംബിയയിൽ പിടിയിൽ

ലുസാക : 19.32 കോടി രൂപ വിലമതിക്കുന്ന കറൻസികളും (രണ്ട് മില്യണിലേറെ ഡോളർ) 4.15 കോടി രൂപയുടെ സ്വർണ്ണവും കടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ സാംബിയയിൽ പിടിയിലായി. സാംബിയയിലെ ലുസാക്കയിലുള്ള കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് യുവാവ് സാംബിയൻ കസ്റ്റംസിന്‍റെ പിടിയിലായത്.
ദുബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് 27കാരൻ പിടിയിലായത്. ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും പണവും. ആകെ ഏഴ് സ്വർണക്കട്ടികളുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് പിടിയിലായത്. ഒരു ചെറിയ കറുത്ത ബാഗിലാണ് സ്വർണവും പണവും ഒളിപ്പിച്ചിരുന്നത്. എന്നിട്ട് അത് ട്രാവൽ ബാഗിനുള്ളിൽ വച്ചു.
പിടിക്കപ്പെട്ടയാൾ ആരെണന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇയാൾ എന്തിന് വേണ്ടിയാണ് ഇത്രയും കറൻസി കടത്തിയതെന്നും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംബിയൻ കസ്റ്റംസ് അറിയിച്ചു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.
സാംബിയയിൽ ചെമ്പ്, സ്വർണ്ണം തുടങ്ങിയവ ധാരാളമുണ്ട്. എന്നിട്ടും ജനസംഖ്യയുടെ 60 ശതമാനത്തിലധികം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഇതിന് മുൻപും ഇവിടെ നിന്ന് വൻ സ്വർണക്കടത്ത് പിടികൂടിയിട്ടുണ്ട്. 127 കിലോഗ്രാം സ്വർണ്ണവും 5.7 മില്യൺ ഡോളറുമായി അഞ്ച് ഈജിപ്ത് പൌരന്മാർ അറസ്റ്റിലായത് 2023ലാണ്.