യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമാക്രമണം; 74 മരണം, നിരവധി പേര്‍ക്ക് പരിക്ക്

സന : അമേരിക്കന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍. പടിഞ്ഞാറന്‍ യെമനിലെ എണ്ണ തുറമുഖമായ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 74 പേര്‍ കൊല്ലപ്പെടുകയും 170 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പിനെതിരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതിന് ശേഷമുള്ള വലിയ വ്യോമാക്രമണമാണിത്. മേഖലയില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം. ആക്രമണത്തില്‍ 74 പേര്‍ മരിച്ചതായി യമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഹൂതികളുടെ വരുമാന സ്രോതസുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം പറഞ്ഞു. തുറമുഖം ഗ്രൂപ്പിന് നിയമവിരുദ്ധ ലാഭം നേടാനുള്ള ഒരു സ്രോതസ്സായി ഉപയോഗിക്കുന്നുവെന്നും അമേരിക്ക ആരോപിച്ചു.