അന്തർദേശീയം

ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന് ഹമാസ്

ഗസ്സ സിറ്റി : ബന്ദികളെ വിട്ടയക്കാൻ ഹമാസ്​ തയാറായാൽ ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിക്കുമെന്ന അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്ത്​ ഹമാസ്​. ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്നും ഹമാസ്​ വ്യക്തമാക്കി. ഒന്നര മാസത്തെ വെടിനിർത്തൽ വേളയിൽ മുഴുവൻ ബന്ദികളെയും വിട്ടയക്കുക, ആനുപാതികമായി ഫലസ്തീൻ തടവുകാരെ കൈമാറുക, ഗസ്സയിലേക്ക്​ സഹായം ഉറപ്പാക്കുക, ഗസ്സക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ്​ ഈജിപ്ത്​ സമർപ്പിച്ച നിർദേശത്തിലെ പ്രധാന ഉപാധികൾ.

ആയുധങ്ങൾ അടിയറ വെക്കണമെന്ന ഈജിപ്ത്​ നിർദേശം നേരത്തെ ഹമാസ്​ തള്ളിയിരുന്നു. ബന്ദികളെ മോചിപ്പിച്ചാൽ ആക്രമണം നിർത്തുമെന്ന യു.എസ്​ നിലപാട്​ സ്വാഗതാർഹമാണെന്നും ഹമാസ്​ നേതാവ്​ ഖലീൽ അൽ ഹയ്യ പറഞ്ഞു. ബന്ദിമോചനത്തോടെ ആക്രമണം അവസാനിപ്പിക്കമെന്നതിന്​​ താൻ ഉറപ്പ്​ നൽകുമെന്ന്​ കഴിഞ്ഞ ദിവസം ബന്ദികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന യു.എസ്​ പ്രതിനിധി ആദം ബൊഹ്​ലർ അറിയിച്ചിരുന്നു.

അതേസമയം, വെടിനിർത്തൽ ചർച്ചാനീക്കം അംഗീകരിക്കില്ലെന്ന്​ ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്​മോട്രികും ബെൻ ഗവിറും​ പറഞ്ഞു. ഗസ്സയിൽ പൂർണ അധിനിവേശം നടത്തുകയും ട്രംപിന്‍റെ പദ്ധതി നടപ്പാക്കുകയുമാണ്​ വേണ്ടതെന്ന്​ ഇരുവരും പ്രതികരിച്ചു. എത്രയും പെട്ടെന്ന്​ ഗസ്സ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്​ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഒപ്പുവെച്ച കൂറ്റൻ നിവേദനം നെതന്യാഹുവിന്​ കൈമാറി. പതിനായിരം റിസർവ്​ സൈനികരും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്​. നെതന്യാഹുവിന്‍റെ രാജി ആവശ്യ​പ്പെട്ട്​ ജറൂസലമിൽ പ്രതിപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിൽ വൻ റാലിയും നടന്നു.

നിസ്സഹകരണം ഉ​ൾപ്പെടെ വിവിധ സമരമുറകൾ നടപ്പാക്കുമെന്നും പ്രതിപക്ഷം നെതന്യാഹുവിന്​ മുന്നറിയിപ്പ്​ നൽകി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 23 പേർ കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും വി​ല​ക്കു​ക​ളും ത​ക​ർ​ത്ത ഗ​സ്സ മു​ന​മ്പി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​യി​ലും പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന്റെ പി​ടി​യി​ലു​മാ​ണെ​ന്ന് യു.എൻ റി​പ്പോ​ർ​ട്ട് വ്യക്തമാക്കുന്നു. ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ക​ഴി​ക്കു​ന്ന​തെന്നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ ഏ​കോ​പ​ന​ത്തി​നു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button