അന്തർദേശീയം

പകരച്ചുങ്കം : അമേരിക്കയെ കാത്തിരിക്കുന്നത് പണപ്പെരുപ്പവും മാന്ദ്യവുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ പകരച്ചുങ്കത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൺ. ന്യൂയോർക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമാണ് ജെപി മോർഗൻ ചേസ്. പുതിയ നീക്കങ്ങൾ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും യുഎസ് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ഡിമോൺ മുന്നറിയിപ്പ് നൽകി. ഇന്ത്യ പോലുള്ള രാജ്യങ്ങളോട് യുഎസുമായി സഖ്യത്തിലേർപ്പെടാൻ ആവശ്യപ്പെടുന്നതിനുപകരം അവരുമായി കൂടുതൽ അടുത്ത വ്യാപാര ബന്ധം വളർത്തിയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

തിങ്കളാഴ്ച പുറത്തിറക്കിയ ഓഹരി ഉടമകൾക്കുള്ള വാർഷിക കത്തിൽ ഡിമോൺ കൂടുതൽ സഹകരണപരമായ ആഗോള വ്യാപാര തന്ത്രത്തിന് ആഹ്വാനം ചെയ്തു, പ്രത്യേകിച്ച് ഇന്ത്യ, ബ്രസീൽ പോലുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുമായി. ‘സമീപകാല താരിഫുകൾ പണപ്പെരുപ്പം വർധിപ്പിക്കാൻ സാധ്യതയുണ്ട്, ഇത് മാന്ദ്യത്തിന്റെ കൂടുതൽ സാധ്യതയെക്കുറിച്ച് പലരും ചിന്തിക്കാൻ കാരണമാകുന്നു’ -ഡിമോൺ പറഞ്ഞു.

പരമ്പരാഗത പങ്കാളികളുമായുള്ള യുഎസിന്റെ സമഗ്ര വ്യാപാര കരാറുകളുടെ അഭാവത്തെ അദ്ദേഹം വിമർശിച്ചു. ‘താരിഫുകൾ ലോകമെമ്പാടുമുള്ള യുഎസ് സാമ്പത്തിക സഖ്യങ്ങളെ തകർക്കും. നിർബന്ധിത നയങ്ങൾക്ക് പകരം, ചേരിചേരാ രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങളാണ് വേണ്ടത്. ഇന്ത്യ, ബ്രസീൽ പോലുള്ള നിരവധി ചേരിചേരാ രാഷ്ട്രങ്ങളോട് നമ്മളോടൊപ്പം ചേരാൻ ആവശ്യപ്പെടേണ്ടതില്ല, പക്ഷേ വ്യാപാരത്തിനും നിക്ഷേപത്തിനും സൗഹൃദപരമായ കൈ നീട്ടിക്കൊണ്ട് നമുക്ക് അവരെ നമ്മിലേക്ക് അടുപ്പിക്കാൻ കഴിയും’ -ഡിമോൺ കൂട്ടിച്ചേർത്തു.

അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെയാണ് അമേരിക്കന്‍ നടപടി. ഇന്ത്യയ്ക്ക് 26 ശതമാനം ആണ് തീരുവ. ചൈനയ്ക്കുമേൽ 104 ശതമാനം അധികതീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകൾക്കെതിരെ ചൈന പ്രതികാര നടപടി എടുത്തതിനെ തുടർന്നാണ് 104 ശതമാനത്തിലേക്ക് ഉയർത്തിയത്.

അമേരിക്കയുടെ പുരോഗതിക്ക് തന്‍റെ തീരുവ പ്രഖ്യാപനം മുതൽക്കൂട്ടാണെന്ന് ട്രംപ് പ്രതികരിച്ചു. അതേസമയം, അമേരിക്കയുടെ വ്യാപാര​രംഗത്തെ ഭീഷണി ചെറുക്കാൻ ​സജ്ജമാണെന്ന് ചൈനയും വ്യക്തമാക്കി. പകരച്ചുങ്കം ലോകരാജ്യങ്ങൾ തമ്മിലുള്ള സമ്പൂർണ വ്യാപാര​യുദ്ധമായി മാറുമെന്നാണ് വിലയിരുത്തൽ.

ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ്‌ സൂചിക 1200 പോയിന്‍റ് താഴേക്ക് പതിച്ചു. നാസ്ഡാക് എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവുണ്ടായി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button