ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

വാഷിങ്ടൺ ഡിസി : ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മാർച്ച് അവസാനത്തോടെ 14,000 മാനേജീരിയൽ സ്ഥാനങ്ങളിലുള്ളവരെ ഒഴിവാക്കാനാണ് ആമസോൺ ഒരുങ്ങുന്നത്.
ഇതുവഴി പ്രതിവർഷം 2.1 ബില്യൺ മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ആഗോളതലത്തിൽ മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം 13ശതമാനം കുറക്കുന്നതോടെ മാനേജർമാരുടെ എണ്ണം 105,770 ൽ നിന്ന് 91,936 ആയി കുറയും.
ആമസോണിന്റെ റീട്ടെയില്‍ ഡിവിഷനെയും എച്ച്.ആര്. വിഭാഗങ്ങളെയുമാണ് പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് വിവരം. 2023-ലും ആമസോണില്‍ സമാനമായരീതിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത് ആമസോണിന്റെ വൻതോതിലുള്ള നിയമനങ്ങളാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇ-കൊമേഴ്സ് ആവശ്യകത നിറവേറ്റുന്നതിനായി 2019 മുതൽ 7,43,000 ൽ അധികം ജീവനക്കാരെ യാണ് ജോലിക്കെടുത്തു. അതേസമയം, 100 ബില്യൺ ഡോളർ കരുതൽ ധനം ഉണ്ടായിരുന്നിട്ടും ആമസോണിലെ പിരിച്ചുവിടൽ ക്രൂരമാണെന്ന വിമർശനവും ഉയരുന്നുണ്ട്.