ചൊവ്വ ദൗത്യം അടുത്ത വർഷം; വിജയകരമായാൽ 2029ൽ മനുഷ്യനെ ചൊവ്വയിലിറക്കുമെന്ന് ഇലോൺ മസ്ക്

ന്യൂയോര്‍ക്ക് : അടുത്ത വർഷം അവസാനത്തോടെ ചൊവ്വ ദൗത്യം യാഥാർഥ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്.
ടെസ്ലയുടെ സ്റ്റാർഷിപ്പ് എന്ന വാഹനത്തിൽ ഒപ്റ്റിമസ് റോബോർട്ടും ഉണ്ടാവും. ലാൻഡിങ് വിജയകരമായാൽ 2029ൽ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും ഇലോൺ മസ്ക് പറഞ്ഞു.
‘അടുത്ത വർഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാൻഡിങ് വിജയകരമായാൽ 2029ൽതന്നെ മനുഷ്യ ലാൻഡിങ് ആരംഭിച്ചേക്കാം. എന്നാൽ 2031ൽ ആണ് ഇതിന് കൂടുതൽ സാധ്യത’- മസ്ക് എക്സിൽ കുറിച്ചു. സ്പേസ് എക്സിന്റെ 23-ാം വാർഷികത്തിലാണ് മസ്കിന്റെ പ്രഖ്യാപനം.
2002 മാർച്ച് 14 നാണ് സ്പേസ് എക്സ് സ്ഥാപിതമായത്. കഴിഞ്ഞ എട്ട് സ്റ്റാർഷിപ്പ് പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ മാര്‍ച്ച് ഏഴിന് സ്റ്റാർഷിപ്പില്‍ സ്ഫോടനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ്. പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെയും അവര്‍ക്കാവശ്യമായ സാധനസാമഗ്രികളെയും വഹിക്കാൻ ശേഷിയുള്ളതാണ് ഈ ബഹിരാകാശ റോക്കറ്റ്. പൂർണ്ണമായും പുനരുപയോഗിക്കാവുന്ന സംവിധാനമാണ് ഇത്.