ദേശീയം

പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ ലോക്സഭയില്‍

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം തടയുന്നതും വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, യാത്ര, സന്ദര്‍ശനം, ഇടപെടലുകള്‍ എന്നിവ നിയന്ത്രിക്കുന്നതും ലക്ഷ്യമിടുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍-2025 ലോക്സഭയില്‍ അവതരിപ്പിച്ചു. ദേശീയ സുരക്ഷ, പരമാധികാരം, സമഗ്രത എന്നിവയ്ക്ക് ഭീഷണിയാകുന്ന വിദേശികളുടെ പ്രവേശനം തടയും. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ് ബില്‍ അവതരിപ്പിച്ചത്.

വ്യവസ്ഥകള്‍ വിദേശ സഞ്ചാരികളുടെ വരവ് നിലയ്ക്കാന്‍ കാരണമാകുമെന്നും ഭരണഘടനാ ലംഘനമാണെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. ബില്‍ പിന്‍വലിക്കുകയോ ജെപിസിക്ക് വിടുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രൊഫ. സൗഗത റോയിയും ആവശ്യപ്പെട്ടു.

വിദേശികള്‍ ഇന്ത്യയിലേയ്ക്ക് വരുന്നതും യാത്ര ചെയ്യുന്നതും മടങ്ങിപ്പോകുന്നതും കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന പോയിന്റുകളിലൂടെയാകണം. രാജ്യത്ത് എത്രകാലം തുടരാമെന്നതും പ്രദേശങ്ങളുടെ സന്ദര്‍ശനങ്ങളെക്കുറിച്ചും കേന്ദ്രം തീരുമാനിക്കും.

സാധുതയില്ലാത്ത പാസ്‌പോര്‍ട്ട്, വിസ എന്നിവയില്ലാതെ ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കും. വ്യാജ രേഖ ഉപയോഗിച്ചെത്തിയാല്‍ രണ്ടു മുതല്‍ ഏഴ് വര്‍ഷം വരെ തടവ്. ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ വരെ പിഴയും ഈടാക്കും. വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിക്കുകയോ വിസ വ്യവസ്ഥകള്‍ ലംഘിക്കുകയോ നിരോധനമുള്ള മേഖലകളില്‍ പ്രവേശിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിക്കും. വ്യക്തമായ രേഖകളില്ലാതെ വിദേശികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ പിഴയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.

വിദേശികള്‍ രജിസ്്‌ട്രേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യണം. വിദേശികളെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനോ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് കടക്കാനോ സഹായിക്കരുത്. വിദേശികളുടെ യാത്രകള്‍, പേര് മാറ്റം, നിരോധിത മേഖലകളിലേയ്ക്കുള്ള പ്രവേശനം എന്നിവയെല്ലാം നിയന്ത്രിക്കപ്പെടും. യാത്രക്കാരുടേയും വിമാനജീവനക്കാരുടേയും വിവരങ്ങള്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കണം. വിമാനക്കമ്പനികളുടെ വാദം കേള്‍ക്കാതെ ശിക്ഷാ നടപടികള്‍ നേരിടുന്നവര്‍ക്ക് അപ്പീല്‍ നല്‍കാം. വ്യാജമായി നിര്‍മിച്ചതോ കളഞ്ഞുപോയതോ നശിച്ചതോ ആയ പാസ്‌പോര്‍ട്ടുകളോ യാത്രാരേഖകളോ പിടിച്ചെടുക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് അധികാരമുണ്ടാകും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button