കേരളത്തിന്റെ കൈത്തറിപ്പെരുമ ഓസ്കാറിന്റെ റെഡ് കാര്‍പ്പറ്റിലും; വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് മന്ത്രി പി രാജീവ്

കൊച്ചി : ഓസ്കര് വേദിയില്‍ കേരളത്തിന്റെ സാന്നിധ്യമായി അനന്യ ശാന്‍ഭാഗ്. 97-മത് അക്കാദമി അവാര്‍ഡിനായി നോമിനേഷന് ലഭിച്ച അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗണാണ് ഓസ്കര് ചടങ്ങില്‍ കേരളത്തിന്റെ അടയാളമായി മാറിയത്. പ്രശസ്ത അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് യുവ നടിക്കായി വസ്ത്രം തയ്യാറാക്കിയത്.
ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അനന്യ ശാന്‍ഭാഗിന്റെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്. ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തുള്‍പ്പെടെ കേരളത്തില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തയുമാണ് ഓസ്കര് വേദിയിലെ കേരളത്തിന്റെ സാന്നിധ്യം എന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മന്ത്രിയുടെ പോസ്റ്റ് പൂര്‍ണ രൂപം-
കേരളത്തിന്റെ കൈത്തറിപ്പെരുമ ഓസ്കാറിന്റെ റെഡ് കാര്‍പ്പറ്റിലും. കൈത്തറിയില്‍ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള അനന്യ ശാന്‍ഭാഗ് ഓസ്കര് വേദിയിലേക്കെത്തിയത്. പ്രശസ്ത അഭിനേത്രിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് വീണ്ടും നമ്മുടെ കൈത്തറിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഇതിന് മുന്‍പും നിരവധി അന്താരാഷ്ട്ര വേദികളില്‍ വിവിധ താരങ്ങള്‍ പ്രാണയുടെ കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയിട്ടുണ്ട്. ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നത്. ഒപ്പം ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തുള്‍പ്പെടെ കേരളത്തില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തയാണ്.