‘മോദി സർക്കാർ നവ ഫാഷിസ്റ്റ്, ഫലസ്തീന് ഒപ്പം നിൽക്കുന്ന ഇന്ത്യയുടെ നിലപാട് അട്ടിമറിച്ചു’ : പ്രകാശ് കാരാട്ട്

കൊല്ലം : കേന്ദ്രം ഭരിക്കുന്നത് നവ ഫാഷിസ്റ്റ് സ്വഭാവമുള്ള സർക്കാരെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. ഇതുവരെയുള്ള കേന്ദ്ര സർക്കാരുകൾ ഫലസ്തീന് ഒപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിന് വിരുദ്ധമായ സമീപനമാണ് മോദി സ്വീകരിച്ചത്. ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകുകയാണ് പ്രധാനമന്ത്രിയെന്നും പ്രകാശ് കാരാട്ട് കൊല്ലത്ത് പറഞ്ഞു.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സിപിഎം ഘടകം കേരളത്തിലേതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് പിണറായി സർക്കാർ എന്നും ഫാസിസത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ തങ്ങളെ പഠിപ്പിക്കേണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നാണ് കൊല്ലത്ത് തുടക്കമായത്. കൊല്ലം ടൗൺ ഹാൾ കോടിയേരി ബാലകൃഷ്ണൻ നഗരിയിൽ രാവിലെ ഒമ്പതരയോടെ പതാക ഉയർന്നു. മുദ്രാവാക്യം വിളികളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ എ കെ ബാലൻ പതാക ഉയർത്തി.പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സംസ്ഥാന നേതാക്കൾ ചേർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.