ഗുൽമോഹർ പൂക്കളാൽ നിറഞ്ഞ് കൊല്ലം; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

കൊല്ലം : സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് കൊടിയേറി. ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പാതാക ഉയർത്തി.
കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഏറ്റുവാങ്ങി. പതാക കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയും ദീപശിഖ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി.രാമകൃഷ്ണനും ഏറ്റു വാങ്ങി.
കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകളാണ് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചേർന്നത്.
മധുരയിൽ ഏപ്രിൽ രണ്ടു മുതൽ ആറു വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ഒമ്പതു വരെയാണ് സംസ്ഥാന സമ്മേളനം. വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിന്റെ അവസാന ദിനമായ ഒമ്പതിന് രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും.