യൂറോപ്പിൻ്റെ പ്രതിരോധത്തിനായി 800 ബില്യൺ യൂറോ , യുക്രെയിന് സൈനിക പിന്തുണ : അഞ്ചിന പദ്ധതിയുമായി ഇയു

യൂറോപ്പിൻ്റെ പ്രതിരോധത്തിനായി ഏകദേശം 800 ബില്യൺ യൂറോ സമാഹരിക്കുന്നതിനുള്ള അഞ്ച് ഭാഗങ്ങളുള്ള പദ്ധതി അവതരിപ്പിച്ച് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. വാഷിംഗ്ടൺ സഹായം നിർത്തിവച്ച ഉക്രെയ്നിന് “ഉടൻ” സൈനിക പിന്തുണ നൽകാനും ഇയു തീരുമാനിച്ചുവെന്നും യുക്രെയ്‌നിനും യൂറോപ്യൻ സുരക്ഷയ്ക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള പിന്തുണയിൽ സംയുക്ത പ്രവർത്തനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിക്ക് രണ്ട് ദിവസം മുമ്പ് യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് അയച്ച കത്തിൽ പറഞ്ഞു.
സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ യൂറോപ്പിനായി 800 ബില്യൺ യൂറോ പ്രതിരോധച്ചെലവുകൾ സമാഹരിക്കാനായി ‘ReArm Europe’ പദ്ധതിയാണ് ഇയു വിഭാവനം ചെയ്യുന്നത്. അംഗരാജ്യങ്ങളെ പ്രതിരോധത്തിനുള്ള ചെലവ് വർദ്ധിപ്പിക്കാൻ അനുവദിക്കുന്നതിന് യൂറോപ്യൻ യൂണിയന്റെ കർശനമായ ബജറ്റ് നിയമങ്ങൾ താൽക്കാലികമായി നിർത്തണമെന്നതാണ് അഞ്ചു നിർദേശങ്ങളിൽ ആദ്യത്തേത്. പ്രതിരോധ നിക്ഷേപത്തിനായി അംഗരാജ്യങ്ങൾക്ക് 150 ബില്യൺ യൂറോ വായ്പ നൽകുന്ന ഒരു പുതിയ “ഉപകരണം” ആയിരിക്കും രണ്ടാമത്തെ നിർദ്ദേശം. “പ്രതിരോധ സംബന്ധിയായ നിക്ഷേപങ്ങളിലേക്ക് കൂടുതൽ ഫണ്ടുകൾ നയിക്കുന്നതിന്” നിലവിലുള്ള EU ബജറ്റ് ഉപയോഗിക്കുന്നത് മൂന്നാമത്തെ ഘടകത്തിൽ ഉൾപ്പെടുന്നു.ദരിദ്രമായ യൂറോപ്യൻ രാജ്യങ്ങളുടെ വികസനത്തെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള “കോഹഷൻ” ഫണ്ടുകൾ പുനർനിർമ്മിക്കാൻ അംഗരാജ്യങ്ങളെ അനുവദിക്കുന്നതും പ്രതിരോധത്തിനായി ഉപയോഗിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പ്രതിരോധ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിനും മൂലധനം ലഭ്യമാക്കാൻ സഹായിക്കുന്നതിനുമായി ഒരു സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് യൂണിയൻ അടക്കമുള്ളതാണ് അവസാന നിർദേശങ്ങൾ. ബ്ലോക്കിൻ്റെ വായ്പാ വിഭാഗമായ യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് ഉൾപ്പെടുത്തിയാകും ഇതുചെയ്യുക. ബ്രിട്ടനും നാറ്റോയും ഉൾപ്പെടുന്ന വാരാന്ത്യ പ്രതിസന്ധി ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച ബ്രസ്സൽസ് ഉച്ചകോടി നടക്കുന്നത്. യുക്രെയിനും യൂറോപ്യൻ സഖ്യകക്ഷിൾക്കുമുള്ള പിന്തുണ യുഎസ് പിൻവലിക്കാനുള്ള വ്യക്തമായ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് യൂറോപ്പ് ഇത്തരം ആലോചനകളിലേക്ക് കടക്കുന്നത്.