അമേരിക്കയില്‍ മുട്ട വില കൂടാൻ കാരണം ബൈഡൻ : ട്രംപ്

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന വിലക്കയറ്റം, പ്രത്യേകിച്ച് കോഴി മുട്ടയുടെത്.
മുട്ടയുടെ വില കുതിച്ചുയരുന്നതാണ് അമേരിക്കക്കാരെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്. ഈ മുട്ട വിലയും ട്രംപിന്റെ പ്രസംഗത്തിലേക്ക് കടന്നുവന്നു. മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണ് മുട്ടയുടെ വില കൂടാൻ ഇടയാക്കിയതെന്നും വിലകുറക്കാൻ ഞങ്ങൾ കഠിന പ്രയത്‌നം തന്നെ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതക്ക് താങ്ങാവുന്ന നിലയിലേക്ക് ജീവിത രീതി എത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പക്ഷിപ്പനിയാണ് അമേരിക്കയില്‍ മുട്ടയുടെ വിലയേറ്റിയത്. ലക്ഷക്കണക്കിന് കോഴികളെയാണ് കൊന്നിരുന്നത്. 2024 അവസാനത്തോടെ മാത്രം 20 ദശലക്ഷത്തിലധികം കോഴികളെ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുട്ട വിതരണം പ്രതിസന്ധിയിലായി. ബൈഡന്റെ പിഴവാണ് ഇതിലേക്ക് നയിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്. അതേസമയം അധികാരമേറ്റതിന് പിന്നാലെ പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ട്രംപ് ഭരണകൂടം രംഗത്ത് എത്തിയിരുന്നു. ഇതിനായി ഒരു ബില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
കർഷകരെ സഹായിക്കുന്നതിനും കൂടുതല്‍ ജൈവ സുരക്ഷാ പരിപാടികൾ വിപുലീകരിക്കുന്നതിനും വൈറസ് നിയന്ത്രിക്കുന്നതിനും ഭൂരിഭാഗം ഫണ്ടുകളും നീക്കിവയ്ക്കുമെന്ന് ഫെബ്രുവരി 26ന് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ബ്രൂക്ക് റോളിൻസ് പ്രഖ്യാപിച്ചിരുന്നു.
ഒരു ഡസൻ ഗ്രേഡ് എ വലിയ മുട്ടകളുടെ ശരാശരി വില ജനുവരിയിൽ 4.95 ഡോളറായി ഉയർന്നിരുന്നു. ഡിസംബറിലെ വില 4.15 ഡോളറായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലും മുട്ട വില ഉയര്‍ന്നുതന്നെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുട്ടയുടെ വിലയില്‍ ഏകദേശം 53% ആണ് വര്‍ധനവുമ. ഓര്‍ഗാനിക് മുട്ടകളുടെ വില ഇതിലും കൂടുതലാണ്.