അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; നിലവിളിച്ച് യാത്രക്കാർ

മാഡ്രിഡ് : വിമാനയാത്രയ്ക്കിടെ എമർജനി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഫെബ്രുവരി 28 ന് സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് വെനിസ്വേലയിലെ കാരക്കാസിലേക്കുള്ള പ്ലസ് അൾട്രാ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാക്കിയത്.
യാത്രയുടെ തുടക്കം മുതൽ ഈ യാത്രക്കാരൻ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നും സീറ്റില്‍ ഉറങ്ങിക്കിടക്കുന്നയാളുടെ അടുത്ത് ചെന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും അടിക്കുകയും ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടർന്ന് ഇയാളുടെ സീറ്റുമാറ്റുകയും ചെയ്തു. തൊട്ടടുത്ത നിമിഷമാണ് ഇയാൾ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്രൂ അംഗം ഇയാളെ തടയുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. എമർജൻസി വാതിൽ തുറക്ക് കണ്ട് യാത്രക്കാർ നിലവിളിക്കുന്നതും ക്രൂ അംഗങ്ങൾ അക്രമിയെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.അക്രമി കൈ രണ്ടും കെട്ടിയ നിലയിൽ നിലത്തുകിടക്കുന്നതും വീഡിയോയിലുണ്ട്. ‘എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ ക്യാബിൻ ക്രൂ ഉടൻതന്നെ കീഴ്‌പ്പെടുത്തി. വിമാനം ലാന്റ് ചെയ്യുന്നത് വരെ ആക്ഷൻ പ്രോട്ടോക്കോൾ പ്രകാരം വിമാനത്തിന്റെ പിൻഭാഗത്ത് ഇയാളെ ഇരുത്തി. രണ്ട് ക്രൂ അംഗങ്ങൾ ഇയാളെ നിരീക്ഷിക്കുകയും പ്രശ്‌നങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുകയും ചെയ്തു’. പ്ലസ് അൾട്രാ വക്താവ് പറഞ്ഞു. അക്രമിയെ പിടികൂടുന്നതിനിടെ കാബിൻ ക്രൂ അംഗത്തിലൊരാൾക്ക് കണങ്കാലിന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. കാരക്കാസിൽ എത്തിയതിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്തു.
അടുത്തിടെ സമാനമായ സംഭവം ഇന്ത്യയിലും നടന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ ജോധ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നിരുന്നു. തുടർന്ന് ഇയാളെ പിടിച്ചുവെക്കുകയും അറസ്റ്റ് ചെയ്ത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറുകയും ചെയ്തിരുന്നു.