തയ്‌വാന്‍ അതിർത്തിയിൽ വീണ്ടും റോന്തുചുറ്റി ചൈനീസ് വിമാനങ്ങളും കപ്പലുകളും

തായ്‌പേയ് : തയ്‌വാന്‍ അതിർത്തിയിൽ വീണ്ടും റോന്തുചുറ്റി ചൈനീസ് വിമാനങ്ങളും കപ്പലുകളും. 11 ചൈനീസ് വിമാനങ്ങളും ചൈനീസ് നാവികസേനയുടെ 6 കപ്പലും ചൈനയുടെ ഉടമസ്ഥതയിലുള്ള 3 കപ്പലുകളും അതിർത്തിയിൽ കണ്ടെത്തിയതായി തയ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (എംഎൻഡി) റിപ്പോർട്ട് ചെയ്‌തു. 11 വിമാനങ്ങളിൽ 5 എണ്ണം തയ്‌വാൻ അതിർത്തി കടന്ന് ദ്വീപിന്‍റെ മധ്യ, തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചതായും എംഎൻഡി അറിയിച്ചു.
‘‘11 പിഎൽഎ എയർക്രാഫ്‌റ്റ്, 6 പിഎൽഎഎൻ കപ്പലുകൾ, 3 ഔദ്യോഗിക കപ്പൽ എന്നിവ ഇന്ന് രാവിലെ 6 മണി വരെ തായ്‌വാന് ചുറ്റും സർവീസ് നടത്തുന്നതായി കണ്ടെത്തി. 5 വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് ദ്വീപിന്‍റെ മധ്യ, തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ എഡിഇഎസിൽ പ്രവേശിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്’’ – എംഎൻഡി എക്‌സിൽ കുറിച്ചു.
ശനിയാഴ്ച 17 ചൈനീസ് സൈനിക കപ്പൽ, 8 നാവിക കപ്പൽ, 3 ഔദ്യോഗിക കപ്പൽ എന്നിവ തായ്‌വാൻ അതിർത്തിക്ക് ചുറ്റും എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അത്യാധുനിക നാവിക ഉപകരണങ്ങൾ ഉപയോഗിച്ച് തയ്‌വാൻ തീരങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ചൈന നടത്തിവരുന്നുണ്ട്.