വന്യജീവി ആക്രമണം : മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗം ഇന്ന്

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതലയോഗം ഇന്ന്. വൈകീട്ട് 3.30 ന് സെക്രട്ടേറിയറ്റിലാണ് യോഗം. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സ്വീകരിച്ച പ്രതിരോധ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. വിവിധ മന്ത്രിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. വന്യജീവി ആക്രമണങ്ങള്‍ നേരിടാനുള്ള നടപടികള്‍ വിലയിരുത്താന്‍ ചേരുന്ന രണ്ടാമത്തെ യോഗമാണിത്. കഴിഞ്ഞ 12 ന് ചേര്‍ന്ന വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് 10 മിഷനുകള്‍ തയ്യാറാക്കിയിരുന്നു.
വന്യജീവികള്‍ക്ക് കാടിനകത്ത് വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് തീരുമാനിച്ചിരുന്നത്. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. 2017 ഏപ്രില്‍ മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 809 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടമായത്.