യുഎസ് പൗരത്വം : 50 ലക്ഷം ഡോളറിന്റെ ഗോള്‍ഡ് കാര്‍ഡുമായി ട്രംപ്

വാഷിങ്ടൺ : വിദേശ പൗരന്മാര്ക്ക് അമേരിക്കന്‍ പൗരത്വം നല്കാന് പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ലക്ഷം ഡോളര്‍ രൂപ നല്കിയാല് സമ്പന്നര്‍ക്ക് ഇനി അമേരിക്കന്‍ പൗരന്മാരാകാൻ സാധിക്കും. ഗോള്‍ഡ് കാര്‍ഡുകള്‍ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്.
ഈ ഗോള്‍ഡ് കാര്‍ഡുകൾ പിന്നീട് ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്ന് ട്രംപ് പറഞ്ഞു. സമ്പന്നരായ ആളുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ‘അവർ സമ്പന്നരായിരിക്കും, അവർ വിജയിക്കുകയും ചെയ്യും, അവർ ധാരാളം പണം ചെലവഴിക്കുകയും ധാരാളം നികുതികൾ നൽകുകയും ധാരാളം ആളുകൾക്ക് ജോലി നൽകുകയും ചെയ്യുന്നു. അത് വളരെ വിജയകരമാകുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും’ ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇബി-5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇബി-5 വിസകൾക്ക് പകരമായി ഗോൾഡ് കാർഡ് നിലവിൽ വരുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. വിദേശ നിക്ഷേപം സൃഷ്ടിക്കുന്നതിനായി 1990ൽ കോൺഗ്രസ് ആണ് ഇബി-5 വിസകൾ സൃഷ്ടിച്ചത്. കുറഞ്ഞത് 10 പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയിൽ ഏകദേശം ഒരു മില്യൺ യുഎസ് ഡോളർ ചെലവഴിക്കുന്ന ആളുകൾക്ക് ഇത് ലഭ്യമാണ്. റഷ്യക്കാർക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാനാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യൻ പ്രഭുക്കന്മാർക്ക് യോഗ്യത ഉണ്ടെന്നാണ് ട്രംപ് പറഞ്ഞത്.