കേരളം

കുഞ്ഞു രഞ്ജിത തനിച്ചല്ല, ഇനി കേരളത്തിന്റെ മകള്‍; സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

കൊച്ചി : ബേബി ഓഫ് രഞ്ജിത ഇനി കേരളത്തിന്റെ മകള്‍. ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.

ശിശുവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും മകളാണ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രസവത്തിനായി ട്രെയിനില്‍ നാട്ടിലേയ്ക്ക് പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29ന് രഞ്ജിത ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി.

പിന്നീട് കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലൂര്‍ദ് ആശുപത്രിയിലേയ്ക്ക് മാറ്റി. 31ന് ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ കുഞ്ഞ് ചിക്തിസയിലുള്ള ആശുപത്രിയിലേയ്ക്ക് വരാതെ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. പിന്നീട് ഇവരെ ബന്ധപ്പെട്ാനായിട്ടില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം രണ്ട് ലക്ഷം രൂപയോളം ബില്ലായി. അഭ്യുദയകാംക്ഷികള്‍ നല്‍കിയ 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചത്. ശിശുക്ഷേമ സമിതി അധികൃതര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോദ്യ സ്ഥിതി വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button