രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ; കലാശപ്പോരിൽ വിദർഭ എതിരാളികൾ

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളം ഫെനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്‌സിലെ രണ്ട് രൺസ് ലീഡിന്റെ ബലത്തിൽ കലാശകളിക്ക് ടിക്കറ്റെടുക്കുകയായിരുന്നു. മുംബൈയെ 80 റൺസിന് തോൽപിച്ച വിദർഭയാണ് 26ന് തുടങ്ങുന്ന ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്‌സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്ത് നിൽക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. സമനിലയിലാകുമ്പോൾ ജലജ് സക്‌സേനയും(37), അരങ്ങേറ്റക്കാരൻ അഹമ്മദ് ഇമ്രാനും(14) ക്രീസിൽ. സ്‌കോർ കേരളം 457, 114-4, ഗുജറാത്ത് 455
ഫൈനലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ഒന്നാം വിക്കറ്റിൽ 30 റൺസടിച്ച് ഭേദപ്പെട്ട തുടക്കം നൽകി. 12ാം ഓവറിൽ അക്ഷയ് ചന്ദ്രനെ(9) വീഴ്ത്തിയ സിദ്ധാർത്ഥ് ദേശായിയാണ് കേരളത്തിന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ വരുൺ നായനാരെ(1) മനൻ ഹിംഗ്രാജിയ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ കേരളം ബാക്ഫുട്ടിലായി. എന്നാൽ ജലജ് സക്‌സേനയും രോഹൻ കുന്നുമ്മലും ചേർന്ന് സ്‌കോർ 50 കടത്തി. 69 പന്തിൽ 32 റൺസെടുത്ത രോഹനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ സിദ്ധാർത്ഥ് ദേശായി കേരളത്തിന് വീണ്ടും പ്രഹരമേൽപ്പിച്ചു. സച്ചിൻ ബേബിയും(10) വേഗത്തിൽ മടങ്ങിയതോടെ ടീം പ്രതിസന്ധി നേരിട്ടു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സക്‌സെന-അഹമ്മദ് ഇമ്രാൻ കൂട്ടുകെട്ട് പ്രതീക്ഷ നൽകി.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന്റെ രണ്ട് വിക്കറ്റുകൾ കൂടി തുടക്കത്തിലെ വീഴ്ത്തി കേരളം 449-9 എന്ന സ്‌കോറിലേക്ക് ആതിഥേയരെ തള്ളിയിട്ടിരുന്നു. അവസാന വിക്കറ്റിൽ പ്രിയാജിത് സിംഗ് ജഡേജയും അർസാൻ നാഗ്വസ്വാലയും ചേർന്ന് ചെറുത്തുനിന്നതോടെ ഒരു വേള മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചു. ഒടുവിൽ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി വെറും 3 റൺസ് മാത്രം മതിയെന്ന ഘട്ടത്തിൽ നാഗ്വസ്വാലക്ക് അടിതെറ്റി. ആദിത്യ സർവാതെയുടെ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിൻറെ ഹെൽമറ്റിലിടിച്ച് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലെത്തി. അവസാനദിനം മുംബൈയെ 80 റൺസിന് തോൽപിച്ചാണ് വിദർഭ ഫൈനൽ ആധികാരികമാക്കിയത് .