അന്തർദേശീയം

മ്യാൻമർ ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ അടിമജോലി; ഇന്ത്യക്കാരടക്കം 260 പേരെ മോചിപ്പിച്ചതായി തായ്‌ലൻഡ് സൈന്യം

ബാങ്കോക്ക് : മ്യാൻമറിൽ ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ അടിമജോലിക്കാരായി കുടുങ്ങിപ്പോയ ഇന്ത്യക്കാരടക്കം 261 പേരെ മോചിപ്പിച്ചതായി തായ്‌ലൻഡ് സൈന്യം അറിയിച്ചു. തെക്കുകിഴക്കൻ മ്യാൻമറിലെ മാവഡി ജില്ലയിൽനിന്നു തായ്‌ലൻഡിലെ ടാക് പ്രവിശ്യയിലെത്തിച്ച ഇവരെ നടപടിക്രമങ്ങൾക്കുശേഷം സ്വദേശത്തേക്കു മടക്കി അയയ്ക്കും. ഇത്യോപ്യ, കെനിയ, ഫിലിപ്പീൻസ്, മലേഷ്യ, പാക്കിസ്ഥാൻ, ചൈന, ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക അടക്കം 20 രാജ്യങ്ങളിൽനിന്നുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്.

മ്യാൻമറിലെ തെക്കൻ പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ന്യൂനപക്ഷ ഗോത്ര സായുധ സംഘടനയായ കരൻ ആർമിയാണ് ഇവരെ മോചിപ്പിച്ചു തായ് സൈന്യത്തിനു കൈമാറിയത്. മ്യാൻമർ പട്ടാളഭരണകൂടത്തിന് ഈ മേഖലയിൽ നിയന്ത്രണമില്ല.

തായ്‌ലൻഡുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘങ്ങളാണു മനുഷ്യക്കടത്തിനു പിന്നിൽ. വിവിധരാജ്യങ്ങളിൽനിന്നും ആയിരക്കണക്കിനാളുകളെ ജോലി വാഗ്ദാനം ചെയ്തു ബാങ്കോക്കിൽ എത്തിച്ച ശേഷം മ്യാൻമറിലെ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകുകയാണു ചെയ്യുന്നത്.

മ്യാൻമറിന്റെ വടക്കൻ സംസ്ഥാനമായ ഷാനിലെ അതിർത്തിമേഖല കേന്ദ്രീകരിച്ചുള്ള ഓൺലൈൻ തട്ടിപ്പ്–അനധികൃത ചൂതാട്ടകേന്ദ്രങ്ങളെ അമർച്ച ചെയ്യാൻ 2023 ൽ ചൈന ഇടപെട്ടിരുന്നു. അന്നു 45,000 ചൈനക്കാരെ മോചിപ്പിച്ചു. ചൈനയുടെ പിന്തുണയോടെയാണു തായ്‌ലൻഡ് സൈന്യത്തിന്റെയും നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button