സൗദിയിലെ റിയാദ് ഷുമൈസിയിൽ മലയാളി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ച നിലയിൽ
റിയാദ് : സൗദിയിലെ റിയാദിലെ ഷുമൈസിയിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. 47 വയസ്സായിരുന്നു. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീർ അലിയാർ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ കരുതുന്നത്. കാണാതായ വിവരം പൊലീസിൽ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മൊബൈൽ കടയും വ്യാപാരവുമുൾപ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമാകും തുടർ നടപടികൾ. ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. സൗദിയിലെ ഷാര റെയിൽ, ഷുമൈസിയുടെ ചില ഭാഗങ്ങൾ, മൻസൂരിയ്യ എന്നിവിടങ്ങളിൽ മോഷ്ടാക്കളുടെ ശല്യമുണ്ട്.