കഠിനംകുളം കൊലപാതകം : കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടർ കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളം കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടര്‍ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പ്രതി സ്കൂട്ടറുമായിട്ടാണ് രക്ഷപ്പെട്ടത്. പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തി.
ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം.
കഴിഞ്ഞ ദിവസമാണ് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിരുന്നു.