കാത്തിരിക്കൂ! തിരികെ വരും… യുഎസിൽ സേവനം അവസാനിപ്പിച്ച് ടിക് ടോക്ക്
വാഷിങ്ടൺ : ജനുവരി 19ന് നിരോധനം നിലവിൽ വരാനിരിക്കെ 18ന് രാത്രി തന്നെ യുഎസിൽ സേവനം അവസാനിപ്പിച്ച് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. യുഎസിലെ ടിക് ടോക്ക് നിരോധനത്തിന്റെ ഭാഗമായി സേവനം നിർത്തുന്നുവെന്ന കുറിപ്പോടെയാണ് സേവനം അവസാനിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽനിന്നും ടിക് ടോക്ക് നീക്കം ചെയ്തു.
ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികളും ചൈനയുമായുള്ള ആപ്പിന്റെ ബന്ധവും കണക്കിലെടുത്താണ് നിരോധനം. ആപ്പിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ആപ്പ് വിൽക്കുന്നതാണ് ഇതിൽനിന്നുള്ള ഏക പോംവഴിയെന്നും യുഎസ് കോടതി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ടിക് ടോക്ക് സേവനം നിർത്തിയത്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്പുകളായ വീഡിയോ എഡിറ്റിംഗ് ആപ്പ് കാപ്കട്ട്, ലൈഫ്സ്റ്റൈൽ സോഷ്യൽ ആപ്പ് ലെമൺ8 എന്നിവയും ശനിയാഴ്ച വൈകിട്ടോടെ യുഎസ് ആപ്പ് സ്റ്റോറുകളിൽ സേവനം അവസാനിപ്പിച്ചു.
എന്നാൽ, ശനിയാഴ്ച അർധരാത്രി ടിക് ടോക്ക് ആപ്പ് തുറക്കാൻ ശ്രമിച്ചവർക്ക് പ്രതീക്ഷയുടെ കുറിപ്പാണ് ടിക്ക് ടോക്ക് പങ്കുവെച്ചത്. “പ്രസിഡന്റ് ട്രംപ് അധികാരമേറ്റുകഴിഞ്ഞാൽ ടിക് ടോക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള പരിഹാരങ്ങൾ നേരിട്ടുകാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ ഭാഗ്യമാണ്. ദയവായി കാത്തിരിക്കൂ!” -ടിക് ടോക്ക് പോപ്പ് അപ്പ് മെസ്സേജിൽ പറയുന്നു.
പ്രസിഡന്റ് ട്രംപ് അധികാരമേറ്റു കഴിഞ്ഞാൽ ടിക് ടോക്ക് പുനഃസ്ഥാപിക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും ടിക് ടോക്ക് സിഇഒ ഷൗ ച്യൂ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നു. എൻബിസി ന്യൂസിന് കൊടുത്ത ഫോൺ അഭിമുഖത്തിലാണ് ട്രംപ് ടിക് ടോക്ക് നിരോധനത്തെക്കുറിച്ച് സംസാരിച്ചത്. ടിക് ടോക്ക് നിരോധനം അഭിപ്രായ സ്വാതന്ത്രത്തിനെതിരാണെന്നും അധികാരത്തിൽ വന്നതിന് ശേഷം കാര്യങ്ങൾ പരിശോധിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.