‘ദേശീയരാഷ്ട്രീയത്തിൽ ഇലോൺ മസ്കിന്റെ ഇടപെടൽ വേണ്ട’ : യുകെ- ജർമൻ ജനത
ലണ്ടൻ : യുകെയുടെയും ജർമനിയുടെയും ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യൻ ജനത. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂഗോവ്, യുകെയിലും ജർമനിയിലും നടത്തിയ സർവേയിലാണ് ജനങ്ങൾ മസ്കിനോടുള്ള അതൃപ്തി പ്രകടമാക്കിയത്. തങ്ങളുടെ രാജ്യത്തെ കുറിച്ചോ നിലനിൽക്കുന്ന പ്രശ്നങ്ങളോ അറിയാത്ത മസ്ക് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല എന്നാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്.
ടെസ്‌ല, സ്‌പേസ്എക്സ്, സമൂഹമാധ്യമമായ എക്സ് എന്നിവയുടെ ഉടമയായ ഇലോൺ മസ്ക്, ജർമൻ ചാൻസലർ ഒലഫ് ഷോൾസിനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറിനുമെതിരെ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ജർമനിയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനിയെ അനുകൂലിക്കുന്ന മസ്‌ക് ഷോൾസിനെ ‘കഴിവില്ലാത്ത വിഡ്ഢി’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. യുകെയിൽ അക്രമം അഴിച്ചുവിട്ട തീവ്ര വലതുപക്ഷക്കാർക്കെതിരെ ജുഡീഷ്യൽ നടപടി സ്വീകരിച്ചതിന് സ്റ്റാമറിനെയും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. രണ്ട് രാജ്യങ്ങളിൽ നിന്നായി 2200 പേരുടെ അഭിപ്രായമാണ് യൂഗോവ് സർവേ തേടിയത്.
എന്നാൽ മസ്കിന്റെ ഇത്തരം ഇടപെടലുകൾ ആവശ്യമില്ല എന്നാണ് യൂഗോവ് സർവേയിൽ പങ്കെടുത്ത യുകെയിൽ നിന്നുള്ള 69 ശതമാനം ആളുകളും ജർമനിയിലെ 73 ശതമാനം പൗരന്മാരും അഭിപ്രായപ്പെടുന്നത്. യൂറോപ്പിലെ രാഷ്ട്രീയപ്രശ്നങ്ങളെ കുറിച്ച് മസ്‌ക് അഞ്ജനാണെന്നും സർവേയിൽ പങ്കടുത്ത ഭൂരിപക്ഷം ആളുകളും പറയുന്നു. 2024ൽ യുഎസിൽ നടന്ന തെരഞ്ഞെടുപ്പിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി മസ്‌ക് സജീവ പ്രചാരണം നടത്തിയിരുന്നു. 250 ദശലക്ഷം ഡോളറാണ് ട്രംപിനായി മസ്‌ക് ചെലവഴിച്ചത്. പിന്നാലെയാണ് യുറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജർമനിലെയും യുകെയിലെയും തീവ്രവലതുപക്ഷ പാർട്ടികളെ പിന്തുണച്ച് മസ്‌ക് പ്രചാരണം ആരംഭിച്ചത്.
ജർമനിയിൽ തീവ്രവലതുപക്ഷ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മസ്‌ക് ലേഖനവും എഴുതിയിരുന്നു. എന്നാൽ മാസ്കിന്റെ ഇടപെടലിനെ ജനങ്ങൾ എതിർക്കുന്നു എന്നതിന്റെ സൂചനയാണ് യൂഗോവ് സർവേ തെളിയിക്കുന്നത്. രണ്ട് രാജ്യങ്ങളിലായി ആകെ പ്രതികരിച്ചവരിൽ 70 ശതമാനത്തിലധികം പേരും മസ്കിനെ കുറിച്ച് നിഷേധാത്മകമായ അഭിപ്രായമുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. 2022-ൽ 4400 കോടി ഡോളറിന് ട്വിറ്റർ വാങ്ങിയ മസ്‌ക്, സമൂഹമാധ്യമത്തെ മോശമായാണ് കൈകാര്യം ചെയ്തുവെന്നാണ് 84 ശതമാനം ബ്രിട്ടീഷുകാരും 19 ശതമാനം ജർമ്മൻ പൗരന്മാരും കരുതുന്നത്.