വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം; മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒബാമ
വാഷിങ്ടണ്‍ : വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം പരക്കുന്നതിനിടെ പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്റെ ജീവിതത്തിലെ പ്രണയിനിയായ മിഷേല്‍ ഒബാമയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് ഒബാമ എക്‌സില്‍ കുറിച്ചത്.
ഊഷ്മളത, ജ്ഞാനം, നര്‍മം, കൃപ എന്നിവ നിറയ്ക്കുന്ന നീ അത് നന്നായി ചെയ്യുന്നത് കാണുന്നതുപോലും നല്ല കാര്യം. ജീവിതത്തിലെ സാഹസികതകളില്‍ നിന്നോടൊപ്പം പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. നിന്നെ സ്‌നേഹിക്കുന്നു എന്നാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം ഒബാമ കുറിച്ചത്. ലവ് യൂ ഹണീ, എന്ന് പറഞ്ഞുകൊണ്ട് ഒബാമയുടെ ട്വീറ്റ് മിഷേല്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഒബാമ ദമ്പതിമാരുടെ വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയായത്. ജനുവരി 9ന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങുകളിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് ഒബാമയുടെ എക്‌സിലെ പോസ്റ്റ്.