ആദ്യ ബിഗ് ട്വിൻ ബോയിംഗ് 777-300 ചരക്ക് വിമാനം മാൾട്ടയിലേക്ക്
“ബിഗ് ട്വിൻ” എന്നറിയപ്പെടുന്ന ആദ്യ ബോയിംഗ് 777-300 ചരക്ക് വിമാനം മാൾട്ടയിൽ രജിസ്റ്റർ ചെയ്തു. മാൾട്ടീസ് ആസ്ഥാനമായുള്ള ചലഞ്ച് ഗ്രൂപ്പാണ് ചരക്കുവിമാനമാക്കി മാറ്റിയ പാസഞ്ചർ ഫ്‌ളൈറ്റ് സ്വന്തമാക്കിയത്.സ്കൈപാർക്കിലെ ചലഞ്ച് ഗ്രൂപ്പിൻ്റെ ഓഫീസുകളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാൾട്ടയിൽ രജിസ്റ്റർ ചെയ്ത 920 വിമാനങ്ങൾക്കിടയിലെ “നാഴികക്കല്ല്” എന്നാണ് പ്രധാനമന്ത്രി റോബർട്ട് അബേല ഇതിനെ വിശേഷിപ്പിച്ചത്.
മാൾട്ടയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടി വർധനയാണ് ഉണ്ടായത്. ചലഞ്ച് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള മൂന്ന് 767 ചരക്ക് വിമാനങ്ങളുടെ പട്ടികയിലേക്കാണ് ഈ വിമാനമെത്തുന്നത്. പ്രാദേശികമായി 140 ഓളം തൊഴിലാളികൾക്ക് ജോലി നൽകുന്ന ഗ്രൂപ്പാണ് ചലഞ്ച്. മൂന്നാം-രാജ്യതൊഴിലാളികളുടെ ഉയർന്ന നിരക്ക് നിയന്ത്രിക്കുകയും പ്രാദേശിക തൊഴിലിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്രിയാത്മകമായി സംഭാവന നൽകുകയും ചെയ്യുന്ന ലേബർ മൈഗ്രേഷൻ നയത്തെക്കുറിച്ചും അബേല ചടങ്ങിൽ പരാമർശിച്ചു.