യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി
കീവ്: യുക്രൈനില്‍ (Ukraine) ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് (Indian Student) വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും മന്ത്രി വി കെ സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആള്‍നാശം പരമാവധി കുറച്ച് ഒഴിപ്പിക്കലിനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആരോപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുടിന്റെ ആരോപണം. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും പുടിന്‍ അദ്ദേഹം വ്യക്തമാക്കി.
യുക്രൈനില്‍ ഇന്നും യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീരനഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുക്രൈന്റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ പട. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. ചേർനിഹിവിൽ വ്യോമാക്രമണത്തിൽ 24 പേർ മരിച്ചു.
അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: