അന്തർദേശീയം

റോക്കറ്റ് ലോഞ്ചറിൽ ഇന്ത്യൻ പതാക മാത്രം മതി; മറ്റ് രാജ്യങ്ങളുടെ പതാകകൾ മായ്ച്ച് റഷ്യൻ ബഹിരാകാശ വകുപ്പ്

മോസ്‌കോ:യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്‌ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാൽ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം യുക്രെയ്‌നും തങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടെന്നും, അങ്ങനെ ചെയ്യുന്നവർക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും റഷ്യ നൽകിയിരുന്നു. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് റഷ്യ നൽകിയിരുന്നു. ഇതിന് പിന്നാലെ തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്നും ഇന്ത്യയുടേത് ഒഴികെ അതിൽ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകൾ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ.

റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിൻ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ബൈക്കോനൂർ ലോഞ്ച് പാഡിലുള്ള റോക്കറ്റിൽ നിന്നും അമേരിക്ക, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് ഇവിടുത്തെ ജീവനക്കാർ നീക്കം ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ പതാക യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചിട്ടുമുണ്ട്. ‘ ചില രാജ്യങ്ങളുടെ പതാകകൾ ഒഴിവാക്കി ബൈക്കോനൂരിലെ ലോഞ്ചറുകൾ ഒന്നു മനോഹരമാക്കാൻ തീരുമാനിച്ചുവെന്നാണ്’ റോഗോസിൻ ഈ വീഡീയോയ്‌ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സോയൂസ് റോക്കറ്റിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾക്ക് മുകളിൽ വൈറ്റ് വിനൈൽ ഉപയോഗിച്ചാണ് മറയ്‌ക്കുന്നത്. പതാക കാണാനാകാത്ത വിധം പൂർണ്ണമായും മറയ്‌ക്കുന്നതും വീഡിയോയിൽ കാണാം.

വിവിധ രാജ്യങ്ങളുടെ 36 സാറ്റലൈറ്റുകളാണ് സോയൂസ് റോക്കറ്റിലുള്ളത്. വൺവെബ് പ്രോജക്ടിന് കീഴിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിനാണ് ഇവ ഉപകരിക്കുന്നത്. പ്രോജക്ടിന്റെ ഭാഗമായി 648 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണവും വിക്ഷേപിച്ച് കഴിഞ്ഞു. സോയൂസ് വെഹിക്കിൾ ഉപയോഗിച്ചായിരുന്നു എല്ലാ ഉപഗ്രഹങ്ങളുടേയും വിക്ഷേപണം. ഭാരതി എയർടെൽ ഗ്രൂപ്പും യുകെ സർക്കാരുമാണ് പദ്ധതി സംയുക്തമായി നടപ്പിലാക്കുന്നത്. വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ ഘട്ടത്തിലും വിക്ഷേപണവുമായി മുന്നോട്ട് പോകുമെന്ന് റഷ്യ അറിയിച്ചിരുന്നു. മാർച്ച് അഞ്ചിന് നേരത്തെ റോക്കറ്റിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം റോക്കറ്റ് ലോഞ്ച് പാഡിൽ സ്ഥാപിക്കുമെന്നും റോസ്‌കോസ്‌മോസ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം സൈനിക ആവശ്യങ്ങൾക്കായി റോക്കറ്റ് ഉപയോഗിക്കില്ലെന്ന് വൺവെബ് ഉറപ്പ് നൽകിയിട്ടുണ്ട്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button