ജയിൽബേക്കറിയിലെ ക്രിസ്‌മസ് ട്രീറ്റുകൾ വിപണിയിൽ മെഗാഹിറ്റ്
കൊറാഡിനോ കറക്ഷണൽ ഫെസിലിറ്റിയിലെ ബേക്കറി ആദ്യമായി പൊതുജനങ്ങൾക്കുള്ള ക്രിസ്മസ് ട്രീറ്റുകൾ വിപണിയിലിറക്കി.ജയിൽ ബേക്കറിയിലെ മാൾട്ടീസ് ബ്രെഡ്, നോമ്പുതുറ, ദുഃഖവെള്ളി, ഈസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട പേസ്ട്രികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ മാൾട്ടീസ് വിപണിയിൽ പേരുകേട്ടതാണ്. ഈസ്റ്റർ സമയത്ത് ബേക്കറി പൊതുജനങ്ങൾക്ക് നൽകിയ വിഭവങ്ങൾ വൻവിജയമായതോടെയാണ് ക്രിസ്മസ് വിപണിയിലേക്കും ജയിൽ ബേക്കറി വിഭവങ്ങൾ എത്തിയത്.
മാൾട്ടയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ വർക്ക് ഓവനുകളിലൊന്നായ ബേക്കറി നടത്തുന്നത് മൂന്ന് തടവുകാരും നാല് ജയിൽ ഉദ്യോഗസ്ഥരുമാണ്. 1,000 ക്രിസ്മസ് ലോഗ്, 1,500 മിൻസ് പൈ, 200 ക്രിസ്മസ് കേക്കുകൾ, 500 വാനില കേക്കുകൾ, 150 ബദാം കേക്കുകൾ, 350 ബദാം പേസ്റ്റ് ക്രിസ്മസ് ട്രീകൾ എന്നിവഇതുവരെ വിറ്റഴിച്ചതായി കറക്ഷണൽ സർവീസസ് ഏജൻസി സിഇഒ ക്രിസ്റ്റഫർ സീഗർസ്മ പറഞ്ഞു. ഡിസംബർ 23 വരെ മാത്രമേ വിൽപ്പന ഉണ്ടാകൂ. ജയിലിന് പുറത്തുള്ള കിയോസ്കിൽ നിന്ന് അവ വാങ്ങാം. സാമ്പ്രദായിക മാൾട്ടീസ് അപ്പോസ്തലൻ്റെ റിംഗ് ബ്രെഡും ( ഖഗാക് താൽ-അപ്പോസ്‌ലി) മാൾട്ടീസ് ബ്രെഡ് അപ്പങ്ങളും വിപണിയിൽ എത്തിച്ചാണ് കറക്ഷൻ ഫെസിലിറ്റി ബേക്കറി ശ്രദ്ധേയമായത്. വിൽപ്പനയിൽ നിന്നുള്ള പണം തടവുകാരെ പുതിയ കഴിവുകൾ പഠിപ്പിക്കാനും മറ്റ് ജയിൽ പദ്ധതികളെ പിന്തുണയ്ക്കാനും വേണ്ടി നീക്കിവെക്കും.