മയക്കുമരുന്ന് ഇടപാടുകാർക്ക് വിവരങ്ങൾ ചോർത്തി: ഉയർന്ന മാൾട്ടീസ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
മയക്കുമരുന്ന് ഇടപാടുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഉയര്‍ന്ന മാള്‍ട്ടീസ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എലൈറ്റ് സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ പോലീസ് കമ്മീഷണര്‍ ജോണ്‍ റിസോയുടെ മകനും ഒരു മജിസ്‌ട്രേറ്റിന്റെ സഹോദരനുമായ കുര്‍ട്ട് റിസോക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇയാന്‍ ബോര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോള തുടങ്ങിയവരുടെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു റിസോ.
കഴിഞ്ഞ ദിവസങ്ങളിലാണ് റിസോ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ഇടപാടുകാരുമായുള്ള ബന്ധം തെളിഞ്ഞത്. ബാഹ്യ കക്ഷികള്‍ക്ക് ‘സെന്‍സിറ്റീവ് പോലീസ് വിവരങ്ങള്‍’ ചോര്‍ത്തി നല്‍കിയതായുള്ള ഗുരുതര വിവരങ്ങളും പുറത്തുവന്നതോടെ റിസോ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഈ ദിവസങ്ങളില്‍ പുറത്തുവരുന്നത്. കഴിഞ്ഞ മാസം മാസങ്ങളോളം പോലീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഓഫീസര്‍ ചെറിസ് കാമില്ലേരി ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു. ജിം ഉടമ റൂഡ് ബുഹാഗിയാര്‍ പോലീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതിന് ഉദ്യോഗസ്ഥന്‍ കാമില്ലേരിക്ക് കൈക്കൂലി നല്‍കിയതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.