വിഷവാതകം ശ്വസിച്ചു, ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ
ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ . മരിച്ചവരെല്ലാം ഈ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു മുറിവുകളോ പരുക്കുകളോ ഇല്ല. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറൻസിക് പരിശോധനകൾ നടന്നു വരികയാണ്.മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയ വാർത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്. അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചായിരിക്കാം ഇവർ മരിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ ക്രിമിനൽ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതായും വാർത്താകുറിപ്പിൽ പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങളെ ജോർജിയയിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.