കേരളം

സ്റ്റാലിന്‍ കുമരകത്ത്; ഊഷ്മള സ്വീകരണം; പിണറായിയുമായി ചര്‍ച്ച

കോട്ടയം : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോര്‍ട്ടില്‍ വച്ചാണ് കൂടിക്കാഴ്ച. മുല്ലപ്പെരിയാറിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കാര്യങ്ങളാകും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ച.

രാവിലെ പത്തരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് സ്വീകരിച്ചു. വൈക്കം സത്യഗ്രഹത്തില്‍ തന്തൈ പെരിയാര്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനും നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുമായാണ് സ്റ്റാലിന്‍ എത്തിയത്. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്.

നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെയാണ് നടക്കുന്നത്. രാവിലെ 10 ന് സ്റ്റാലിന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. കെ വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, എവി വേലു, എംപി സ്വാമിനാഥന്‍, അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, സികെ ആശ എംഎല്‍എ, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button