കേരളം

ദേശീയപാത 66; നിർമ്മാണ പുരോ​ഗതി വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : ദേശീയപാത 66 ന്റെ നിർമ്മാണ പുരോ​ഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് 17,293 കേസുകളാണ് നിലവിലുള്ളത്. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ദേശീയപാത നിര്‍മ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു.

80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 50 ശതമാനത്തില്‍ താഴെ നിര്‍മാണപുരോഗതിയുള്ള സ്‌ട്രെച്ചുകളെ സംബന്ധിച്ച് പ്രത്യേകം വിലയിരുത്തി. ഓരോ മാസവും അഞ്ച് ശതമാനം പുരോഗതിയുണ്ടായിട്ടില്ലെങ്കില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

അരൂര്‍- തുറവൂര്‍ റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആലപ്പുഴ, എറണാകുളം കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിസ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ദേശീയപാത റീജിയണല്‍ ഓഫീസര്‍ ബി എല്‍ വീണ, കെ എസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button